ഡിആർഡിഒ യുവ ശാസ്ത്രജ്ഞ പുരസ്്കാരം കൊട്ടാരക്കര സ്വദേശിക്ക്
1298718
Wednesday, May 31, 2023 3:55 AM IST
കൊട്ടാരക്കര: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കേരളത്തിലെ ഏക ലബോറട്ടറിയായ കൊച്ചി നേവൽ ഫിസിക്കൽ ഓഷ്യനോഗ്രാഫിക് ലാബിലെ (എൻപിഒഎൽ) ശാസ്ത്രജ്ഞനായ പ്രതീക് സുരേഷ് കുമാറിന് ഡിആർഡിഒ യുവ ശാസ്ത്രജ്ഞ പുരസ്കാരം ലഭിച്ചു.
ഇന്ത്യൻ നാവികസേനയുടെ സോണാറുകൾക്കുള്ള സങ്കീർണമായ ഹാർഡ് വെയർ, സോഫ്റ്റ് വെയർ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള സംഭാവനയ്ക്ക് ആണ് ഈ പുരസ്കാരം ലഭിച്ചത്.
അദ്ദേഹത്തിന്റെ സേവനങ്ങൾ നാവികസേനയുടെ ഒന്നിലധികം കപ്പലുകളുടെയും അന്തർവാഹിനികളുടെയും സോണാർ സംവിധാനങ്ങളുടെ വിന്യാസത്തിനും കാരണമായി . ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ ഗവേഷണ വികസന വകുപ്പ് സെക്രട്ടറിയും ഡിആർഡിഒ യുടെ ചെയർമാനുമായ ഡോ. സമീർ. വി. കാമത്തിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. പ്രശസ്തിപത്രവും കാഷ് അവാർഡും അടങ്ങുന്നതായിരുന്നു പുരസ്കാരം. കൊട്ടാരക്കര ഇഞ്ചക്കാട് ഭാസകരവിലാസത്തിൽ സുരേഷ് കുമാറിന്റേയും വിജയലക്ഷ്മിയുടെയും മകനാണ്.
കൊട്ടാരക്കര എം ജിഎം സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസവും കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ നിന്നും ബിടെക്കും ഐഐടി ബോംബയിൽ നിന്നും ഇലക്ട്രോണിക് സിസ്റ്റംസിൽ എം ടെക്കും പൂർത്തിയാക്കി. 2009 മുതൽ എൻപിഒ.എൽ-ൽ നൂതന സോണാർ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയാണ്. ഭാര്യ ഗ്രീഷ്മ വിപ്രോയിൽ സിസ്റ്റം ആർക്കിടെക്റ്റാണ്.