അന്പതേക്കർ പാലം നിര്‍മാണത്തിലെ അപാകത : പ്രതിഷേധവുമായി നാട്ടുകാർ
1591319
Saturday, September 13, 2025 6:25 AM IST
കുളത്തൂപ്പുഴ: വില്ലുമല ആദിവാസി സെറ്റിൽമെന്റ് ഉന്നതി യിലേക്ക് അടക്കം ജനവാസ മേഖലയിലേക്കുള്ള വനപാതയിലെ പാലം നിര്‍മാണത്തില്‍ അപാകത ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍. കുളത്തൂപ്പുഴ പഞ്ചായത്തിലെ വില്ലുമല അമ്പതേക്കര്‍ പാതയിലുള്ള കുഞ്ഞുമാന് തോടിന് കുറുകെയുള്ള പാലം നിര്‍മാണത്തിനെതിരെയാണ് പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് നിര്‍മിച്ച പാലം കാലവര്‍ഷത്തില്‍ ജലനിരപ്പുയര്‍ന്ന് നിരന്തരം വെള്ളത്തിനടിയിലാവുകയും പ്രദേശം ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവുന്ന സാഹചര്യത്തിലാണ് പുതിയ പാലത്തിനായുള്ള നടപടികൾ ആരംഭിക്കുന്നത്.
എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 95 ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ വശങ്ങളുടെ നിര്‍മാണം പുരോഗമിക്കവേയാണ് പണിയിലെ അപകാത ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്ത് വന്നിട്ടുള്ളത്. പാലത്തിന്റെ ഇരുകരകളിലും അപ്രോച്ച് റോഡ് കടന്നെത്തുന്നതിനായി നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് ബീമിന്റെ ഒരു വശത്തു മാത്രമായാണ് കമ്പികള്‍ ഇതുവരെ പാകിയിട്ടുള്ളത്.
മൂന്നടിയോളം കനത്തില്‍ നിര്‍മിക്കുന്ന കോണ്‍ക്രീറ്റ് ഭിത്തിയുടെ ഒരു വശത്തു മാത്രം കമ്പികള്‍ പാകുന്നത് ഭാവിയില്‍ ഭിത്തിക്ക് വിള്ളലുണ്ടാവുന്നതിനും പൊട്ടിതകരുന്നതിനും കാരണമാകാമെന്ന ഭീതിയാണ് നാട്ടുകാര്‍.
പാലത്തിന്റെ പണിനടത്തുന്ന കരാറുകാരോട് നാട്ടുകാരില്‍ ചിലര്‍ ഇത് സംബന്ധിച്ച് പരാതി പങ്കുവെച്ചെങ്കിലും കരാര്‍ പ്രകാരമുള്ള ജോലികളാണ് ചെയ്യുന്നതെന്ന വിശദീകരണമാണ് നൽകിയത്.
ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തിയ ശേഷം നിര്‍മാണ ജോലികള്‍ തുടര്‍ന്നാല്‍ മതിയെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. യാതൊരു വിധ ബലക്ഷയവുമുണ്ടാകാന് സാധ്യതയില്ലെന്നുള്ള ഉറപ്പ് പൊതുമരാമത്ത് എൻജിനയര്‍ നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. പ്രദേശവാസികളായ ഷാംജീര്‍, നസീര്‍, സജിന്‍ നാസര്‍, അജിമോന് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകി.