അധിക ടിക്കറ്റ് കൗണ്ടറുകൾ തുറക്കാതെ മുഖംതിരിച്ച് റെയിൽവേ
1591309
Saturday, September 13, 2025 6:18 AM IST
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ടിക്കറ്റ് കൗണ്ടറുകൾ തുറക്കണമെന്ന ആവശ്യത്തിന് മുന്നിൽ മുഖംതിരിച്ച് തിരുവനന്തപുരം ഡിവിഷൻ കൊമേഴ്സൽ വിഭാഗം. ജീവനക്കാർ ഉണ്ടായിട്ടും അധികം കൗണ്ടർ തുറക്കേണ്ടെന്ന നിലപാടിലാണ് റെയിൽവേ.
ഓണക്കാലത്ത് കൂടുതൽ തിരക്കുണ്ടായിരുന്നപ്പോൾ പോലും രണ്ട് കൗണ്ടർ മാത്രമാണ് ഇവിടെ പ്രവർത്തിച്ച് വന്നിരുന്നത്. ഓണക്കാലത്തേക്ക് പ്രഖ്യാപിച്ച കൂടുതൽ ട്രെയിനുകൾ ഇപ്പോഴും സർവീസ് നടത്തി വരികയാണ്. ടിക്കറ്റ് കൗണ്ടറുകളിൽ എപ്പോൾ നോക്കിയാലും നീണ്ട ക്യൂ ആയിരിക്കും. ഇത് മൂലം നിരവധി യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങിയെ അവസ്ഥ ഉണ്ടായിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ തിക്കുംതിരക്കും ഒഴിവാക്കാൻ അധിക കൗണ്ടറുകൾ തുറക്കേണ്ടെന്ന റെയിൽവേ ഡിവിഷൻ കൊമേഴ്സൽ വിഭാഗത്തിന്റെ തീരുമാനം ജനദ്രോഹ പരമെന്നാണ് ഇതോടെ ആക്ഷേപം ഉയർന്നിരിക്കുന്നത്. പാസഞ്ചേഴ്സ് അസോസിയേഷനുകളും നിരവധി യാത്രക്കാരും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല.
യാത്രക്കാർ മൊബൈല്‍ ആപ്പിലൂടെ ടിക്കറ്റ് എടുക്കട്ടെ എന്ന നിലപാടിലാണ് റെയിൽവേ. കൊല്ലം റെയിൽവേ സ്റ്റേഷനിലെ നിലവിലുള്ള ടിക്കറ്റ് കൗണ്ടറുകൾ നവീകരണപേരിലാണ് പൊളിക്കുന്നത്. പകരം ഏർപ്പെടുത്തിയ താത്കാലിക കൗണ്ടറുകൾ യാത്രക്കാർക്ക് ദുരിതമയമാണ്.
ക്യൂവിനെ ചൊല്ലി യാത്രക്കാർ തമ്മിലും യാത്രക്കാരും ജീവനക്കാരും തമ്മിലും നിത്യവും തർക്കം നടക്കുന്നു. പലപ്പോഴും കൗണ്ടറുകൾ പ്രവർത്തിക്കുന്ന താത്കാലിക കെട്ടിട ഹാളിനു പുറത്തേക്കുവരെ ക്യൂ നീളുന്നു. ഉന്തും തള്ളും രണ്ടു കൗണ്ടറുകളുടെയും ക്യൂകളിൽ നിത്യ സംഭവം തന്നെയെങ്കിലും കൗണ്ടറുകളിൽ തിരക്ക് നിയന്ത്രിക്കാൻ പോലീസിന്റെയോ ആർപിഎഫ് ഉദ്യാഗസ്ഥരുടെയോ ഒരു സഹായവും ഉണ്ടാവാറില്ല.
ഓൺലൈൻ പേമെന്റ് ചെയ്യുന്നവർക്ക് ആവട്ടെ മൂന്നു മിനിറ്റ് വരെ വൈകിയാണ് ടിക്കറ്റ് കിട്ടുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. ടിക്കറ്റ് എടിവിഎമ്മിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കാനാണ് യാത്രക്കാർ സ്വന്തമായി ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനിൽ നിന്നു ടിക്കറ്റ് എടുക്കട്ടെ എന്ന നിലപാടിലേക്ക് റെയിൽവേ എത്തുന്നതെന്നും ആക്ഷേപം ഉണ്ട്.
മിക്ക യാത്രക്കാർക്കും മെഷീനിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാൻ അറിയില്ല. എടിവിഎമ്മിൽനിന്നു ടിക്കറ്റ് എടുക്കാൻ യാത്രക്കാരെ സഹായിക്കാനുള്ള ഫെസിലിറ്റേറ്റർമാർ രക്ഷപെടാൻ സന്ധ്യയാവാൻ കാത്തിരിക്കുകയാണ്.
ഫെസിലിറ്റേറ്റർ മാരെ നേരത്തെ കമ്മിഷൻ വ്യവസ്ഥയിൽ നിയമിച്ചിരുന്നത് റിട്ട. റെയിൽവേ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമായിരുന്നു. അതേസമയം ഇപ്പോൾ സ്ഥിതി മാറി. 50,000രൂപ ഡിപ്പോസിറ്റ് വാങ്ങി ആളെ നിയമിക്കുന്ന സ്ഥിതി വിശേഷമാണുള്ളത്.