നാഗർകോവിൽ - കോട്ടയം പാസഞ്ചർ: യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നു
1298364
Monday, May 29, 2023 10:50 PM IST
കൊല്ലം: നാഗർകോവിൽ - കോട്ടയം പാസഞ്ചർ സർവീസ് ഓടുന്നത് യാത്രക്കാരുടെ ക്ഷമയെ പരീക്ഷിക്കും വിധം. അശാസ്ത്രീയമായ സമയ ക്രമം പുനപരിശോധിക്കണമെന്ന ആവശ്യം റെയിൽവേ അധികൃതർ പരിഗണിക്കുന്നതുമില്ല.
വൈകുന്നേരമുള്ള 16366 നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് നാഗർകോവിൽ നിന്നും ഉച്ചയ്ക്ക് ഒന്നിനാണ് പുറപ്പെടുന്നത്. ട്രെയിൻ 2.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരും വിധമാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് 2.35 ന് പുറപ്പെട്ട് വൈകുന്നേരം 5.15 ന് കൊല്ലത്ത് എത്തുന്ന സമയക്രമത്തിലാണ് ഈ ട്രെയിന്റെ യാത്ര. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് എത്താൻ ഏകദേശം മൂന്നു മണിക്കൂറാണ് ട്രെയിന് അനുവദിച്ചിരിക്കുന്നത്. ഇതാണ് യാത്രക്കാരെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്നത്.
വൈകുന്നേരം 4.10 ന് പരവൂരിൽ എത്തുന്ന വണ്ടിക്ക് 12 കിലോമീറ്റർ കഴിഞ്ഞ് കൊല്ലം എത്തി അവിടുന്ന് പുറപ്പെടാൻ ഒരു മണിക്കൂറാണ് സമയം കൊടുത്തിരിക്കുന്നത്. പലപ്പോഴും ഈ സമയക്രമവും പാലിക്കപ്പെടാറില്ല. അശാസ്ത്രീയമായ സമയക്രമം കാരണം തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലുള്ള മിക്ക സ്റ്റേഷനുകളിലും നിശ്ചിത സമയത്തിന് മുന്നേ ട്രെയിൻ ഓടിയെത്താറുണ്ട്. ഇതുകാരണം വണ്ടിയിൽ കൃത്യമായി യാത്ര ചെയ്യാനും കഴിയുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. നിരവധി ഓഫീസുകളിലും മറ്റും ജോലിസ്ഥലങ്ങളിലുമുള്ള യാത്രക്കാർ ഈ അശാസ്ത്രീയത കാരണം യാത്രചെയ്യാൻ മറ്റ് മാർഗങ്ങൾ സ്വീകരികരിക്കുകയാണ്.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 2.50 നുള്ള ജനശതാബ്ദി, മൂന്നിന് പുറപ്പെടുന്ന ചെന്നൈ മെയിൽ എന്നിവയ്ക്ക് ശേഷം ഈ ട്രയിൻ 3.25 - ന് പുറപ്പെടുന്ന രീതിയിൽ സമയം ക്രമീകരിക്കണം എന്നത് യാത്രക്കാരുടെ നിരന്തര ആവശ്യമാണ്. ഇതു സംബന്ധിച്ച് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ നിരവധി നിവേദനങ്ങൾ നൽകിയിട്ടും അധികൃതർ ഇക്കാര്യം പരിഗണിക്കുന്നതേയില്ല.
നിലവിൽ നാഗർകോവിലിൽ നിന്നും ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന വണ്ടിയെ തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റർസിറ്റി നാഗർകോവിൽ ടൗൺ കഴിഞ്ഞ് പോയതിന് ശേഷം 1.50 ന് പുറപ്പെട്ടാൽ 3.20 ആകുമ്പോൾ തിരുവനന്തപുരം സെൻട്രലിൽ എത്താൻ കഴിയും. സെൻട്രലിൽ നിന്നും ഉച്ചകഴിഞ്ഞ് 3.25 ന് പുറപ്പെട്ടാൽ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ആഴ്ചവണ്ടികളെ വർക്കലയിൽ വച്ച് കയറ്റിവിട്ടശേഷം കൃത്യം 5.15 ന് കൊല്ലത്ത് എത്തിച്ചേരാൻ കഴിയും. ഇതുവഴി ഒത്തിരി സമയവും ലാഭിക്കാൻ കഴിയും.
ജനശതാബ്ദി, ചെന്നൈ മെയിൽ എന്നിവയെല്ലാം പോയതിന് ശേഷം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിരവധി പ്ലാറ്റ്ഫോമുകളും ഒഴിവുണ്ട്. കുറച്ചു വൈകി പുറപ്പെടുന്നതിനാൽ തിരുവനന്തപുരത്ത് നിന്നുള്ള കൂടുതൽ യാത്രക്കാർക്ക് ആശ്രയമാവും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല തിരുവനന്തപുരം - കൊല്ലം റൂട്ടിലെ എല്ലാ യാത്രക്കാർക്കും ഇത് അനുഗ്രഹമാകുകയും ചെയ്യും.
തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിൽ കൃത്യസമയം പാലിക്കാനും വണ്ടിക്ക് സാധിക്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യാത്രാസമയം ഒരു മണിക്കൂർ നാൽപ്പത് മിനിറ്റായി കുറയും എന്നതാണ് ഇതു വഴിയുള്ള ഏറ്റവും വലിയ ഉപകാരം.
തിരക്കേറിയ വൈകുന്നേരത്തെ നിരവധി യാത്രക്കാരുടെ ആശ്രയമാണ് നാഗർകോവിൽ - കോട്ടയം പാസഞ്ചർ. ഈ സർവീസ് പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയാത്ത വിധമുള്ള റെയിൽവേയുടെ ഇപ്പോഴത്തെ നടപടിയിൽ മാറ്റമുണ്ടാകണം എന്നാണ് സ്ഥിരം യാത്രികരുടെ പ്രധാന ആവശ്യം.