പാഠശാലകൾ ഗ്രാമക്ഷേത്രങ്ങൾതോറും ആരംഭിക്കണം: ക്ഷേത്ര സംരക്ഷണ സമിതി
1298110
Sunday, May 28, 2023 11:45 PM IST
കൊട്ടാരക്കര: സനാതന ധർമ പാഠ ശാലകൾ ഗ്രാമ ക്ഷേത്രങ്ങൾ തോറും ആരംഭിക്കുണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുമ്പെങ്ങുമില്ലാത്തവിധം കേരളത്തിൽ ക്രിമിനൽ കുറ്റങ്ങൾ വർധിച്ചുവരുന്നു. ആധ്യാത്മിക-സാംസ്കാരിക മൂല്യങ്ങളെ ഇളംതലമുറകളിൽ പകരാൻ സാധിക്കാത്തതുകൊണ്ടും ജീവിതസാഹചര്യങ്ങളിലെ മാറ്റങ്ങളും, ജീവിതത്തെക്കുറിച്ചുതന്നെ തെറ്റായ കാഴ്ചപ്പാടുകളുണ്ടാക്കുന്ന ആശയങ്ങളുടെ പ്രചരണവും മറ്റും ഈ സ്ഥിതിവിശേഷത്തെ സ്ഫോടനാത്മകമാക്കുകയാണ്.
മുഖ്യധാരാ സമൂഹത്തിൽ സംഭവിക്കുന്ന ഈ സാമൂഹ്യദുരവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് ഭരണസംവിധാനത്തിന്റേയും കൂടി ചുമതലയാണ്.
മൂല്യാധിഷ്ഠിതമായ അനൗപചാരിക വിദ്യാഭ്യാസത്തിന് കളമൊരുക്കലാണ് അതിനുള്ള ഒരു പോംവഴി. ശിഥിലമായ കുടുംബബന്ധങ്ങൾ കാരണം നല്ലൊരു ശതമാനത്തിന് ആ സാധ്യതകളും അടയുന്നു.
ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡുകൾ മുൻകൈയെടുത്ത് കേരളത്തിലെ ഗ്രാമങ്ങൾ തോറും ഒരു പാഠശാല ബാലികാബാലന്മാർക്കായി ആരംഭിക്കാൻ വേണ്ട സംവിധാനം ചിന്തിക്കണമെന്ന് കൊട്ടാരക്കരയിൽ ചേർന്ന കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമ്മേളനം ദേവസ്വം ബോർഡുകളോട് ആവശ്യപ്പെട്ടു.