നര്‍മം വിതറി, അനുഭവങ്ങള്‍ പങ്കുവച്ച് മുകേഷ്
1297564
Friday, May 26, 2023 11:24 PM IST
കൊല്ലം: സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പിന്റെ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടനും എംഎല്‍എയുമായ മുകേഷുമായുള്ള സംവാദം കുട്ടികള്‍ക്ക് നര്‍മമധുരമായ അനുഭവമായി. ഇന്‍ ഹരിഹര്‍ നഗറിലെ ഏകാന്തചന്ദ്രികേ...എന്ന ഹിറ്റ് ഗാനം പാടിയാണ് കുട്ടികള്‍ വരവേറ്റത്.
കോളേജ് പഠനകാലത്ത് നാടക ക്യാമ്പില്‍ പങ്കെടുത്തതില്‍ നിന്നുണ്ടായ അഭിനയ പരിചയമാണ് തന്നിലെ നടനെ രൂപപ്പെടുത്തിയതെന്ന് മുകേഷ് പറഞ്ഞു. ആ ക്യാമ്പിനുശേഷമാണ് അതുവരെ കണ്ടതും അഭിനയിച്ചതുമൊന്നുമല്ല നാടകമെന്ന് മനസിലായത്. അതിനാല്‍ ഇത്തരം ക്യാമ്പുകള്‍ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കാനുതകുന്നവയാണ്. സിനിമയാണ് തന്നെ മുകേഷ് കഥകളുടെ എഴുത്തുകാരനും ജനപ്രതിനിധിയുമൊക്കെയാവാന് സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തില്‍ നടന്ന സംവാദത്തില്‍ തന്റെ ചലച്ചിത്രരംഗത്തെ അരങ്ങേറ്റത്തെക്കുറിച്ചുള്ള അനുഭവങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. അച്ഛന്റെ സുഹൃത്തായിരുന്ന കൃഷ്ണസ്വാമി റെഡ്യാറാണ് തന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. നാന മാസികയുടെ സ്ഥാപകനായിരുന്ന അദ്ദേഹം നിര്‍മിച്ച ബലൂണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രിയദര്‍ശന്റെ ബോയിങ് ബോയിങില്‍ അഭിനയിച്ചശേഷമാണ് സിനിമയാണ് തന്റെ തട്ടകം എന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ക്യാമ്പ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഞ്ചാലുംമൂട് ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥി അകിര എസ്, മികച്ച ആസ്വാദനക്കുറിപ്പ് എഴുതിയ കൊല്ലം ടികെഎംഎച്ച്എസ്എസ് വിദ്യാര്‍ഥി അഹ്സാന് എന്നിവര്‍ക്കുള്ള 2000 രൂപയുടെ കാഷ് അവാര്‍ഡുകളും ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മുകേഷ് എംഎല്‍എ വിതരണം ചെയ്തു.
ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ ദേവ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് സനില്‍ വെള്ളിമണ്‍, ശിശു ക്ഷേമ സമിതി ട്രഷറർ എൻ അജിത് പ്രസാദ്, ക്യാമ്പ് ഡയറക്ടര്‍ ഗായത്രി വര്‍ഷ എന്നിവര്‍ പങ്കെടുത്തു.
ശിശു ക്ഷേമസമിതിയുടെയും സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റേയും സഹകരണത്തോടെ നടന്ന ക്യാമ്പില്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള 8,9,10 ക്ളാസുകളിലെ 56 കുട്ടികള്‍ പങ്കെടുത്തു. ജിയോ ബേബി, ജി.പ്രജേഷ് സെന്‍, വിപിന്‍ ആറ്റ്ലി, സൗമ്യ സദാനന്ദന്, പി.വി ഷാജികുമാര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ദ റെഡ് ബലൂണ്‍, ഓക്ജ, വാജ്ദ, റ്റു, റ്റു ആന്റ് റ്റു, പ്രിന്റഡ് റെയിന്‍ബോ, ഗ്ളാസ് തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.