കൊല്ലം: നിഷ്കളങ്കതയുടെ പനിനീര് പൂക്കള്‍ കൈമാറിയ കുരുന്നുകള്‍ക്ക് മുന്നില്‍ ഉപചാരങ്ങള്‍ മാറ്റി വെച്ചു കളക്ടര്‍. കുട്ടികളും ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണുമായുള്ള കൂടിക്കാഴ്ച്ചയാണ് കളക്ടറേറ്റിലെ സായാഹ്നത്തെ മനോഹരമാക്കിയത്. ശാസ്താംകോട്ട മനോവികാസിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളാണ് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിനെ കാണാന്‍ കളക്ടറേറ്റില്‍ എത്തിയത്.
സ്ഥാപനത്തിലെ വിനോദയാത്രയുടെ ഭാഗമായാണ് കുട്ടികള്‍ കൊല്ലത്ത് എത്തിയത്. അഡ്വെഞ്ചര്‍ പാര്‍ക്കും ലൈറ്റ് ഹൗസും കണ്ടശേഷം, ജില്ലാ കളക്ടറെയും കാണാന്‍ കുട്ടികള്‍ക്ക് ആഗ്രഹം. കുട്ടികളെ കളക്ടറേറ്റിന് മുന്നില്‍ സ്വീകരിച്ചു. കളക്ടര്‍ക്ക് പനിനീര്പൂക്കള് നല്‍കിയാണ് തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് കളക്ടര്‍ അവരോടു പേരും വിശേഷങ്ങളും കണ്ട കാഴ്ച്ചകളും ചോദിച്ചറിഞ്ഞു. സ്ഥാപനത്തിന്റെ കാര്യങ്ങള്‍ അധ്യാപകരോട് തിരക്കി. നന്നായി പഠിക്കണമെന്ന ഉപദേശത്തിന് മുന്നില്‍ തലയാട്ടിയും ഒരേ സ്വരത്തോടെ നന്ദി പറഞ്ഞാണ് കുട്ടികള്‍ പിരിഞ്ഞത്.