സ്മാർട്ടാകും കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ
1280644
Friday, March 24, 2023 11:29 PM IST
കല്ലുവാതുക്കൽ: പഞ്ചായത്ത് ഹൈസ്കൂളിന്റെ ക്ലാസ് മുറികളും ലൈബ്രറിയും ലാബും സ്മാർട്ടാകുന്നു. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 43 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചതായി ജി.എസ്.ജയലാൽ എംഎൽഎ അറിയിച്ചു.
തുക ഉപയോഗിച്ച് സ്കൂളിന്റെ ക്ലാസ് മുറികൾ സ്മാർട്ടാക്കുന്നതോടൊപ്പം അനുബന്ധ സൗകര്യങ്ങളും അത്യാധുനിക രീതിയിൽ മെച്ചപ്പെടുത്തി നവീകരിക്കും. സ്കൂളിലെ അഞ്ച് ക്ലാസ് റൂമുകളാണ് സ്മാർട്ട് ക്ലാസ് റൂമുകളായി ഉയർത്തുന്നത്. ആയതിന് 30 ലക്ഷം രൂപയും ലബോറട്ടറിയും ലൈബ്രറിയും സ്മാർട്ടാക്കുന്നതിന് 13 ലക്ഷം രൂപയുമാണ് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ളത്.
ലബോറട്ടറിയിലും ലൈബ്രറിയിലും കാലാനുസൃതവും നൂതനവുമായ സൗകര്യങ്ങളാണ് ഒരുക്കുക. ഗുണനിലവാരമുള്ള മികച്ച വിദ്യാഭ്യാസത്തിനുതകുന്നഅത്യാധുനിക സംവിധാനങ്ങളുള്ള സ്മാർട്ട് ക്ലാസ് റൂമുകളായിരിക്കും സജ്ജമാക്കുന്നത്. ഒരേ സമയം ആയിരക്കണക്കിന് വിദ്യാർഥികൾ പഠിച്ചിരുന്നതും നിരവധി അധ്യാപകർ പഠിപ്പിച്ചിരുന്നതുമായ സ്കൂളാണ് കാലാനുസൃതമായ മാറ്റങ്ങൾ വരുത്താത്തതിനെ തുടർന്ന് നൂറ്റി ഇരുപതോളം കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളായി മാറിയത്.
ദേശീയ പാതയോട് ചേർന്നുള്ള പഞ്ചായത്ത് ഹൈസ്കൂളിൽ കുട്ടികൾക്ക് എത്തുന്നതിനും മറ്റും ഏറെ സൗകര്യങ്ങൾ ഉള്ളതുകൊണ്ടുതന്നെ സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂമുകളും അത്യാധുനിക ലാബും ലൈബ്രറിയും മറ്റും സ്ഥാപിച്ച് പൂർണതോതിൽ നവീകരിച്ച് കഴിയുമ്പോൾ അടുത്ത അധ്യായന വർഷത്തോടെ കുട്ടികളുടെ എണ്ണത്തിലും വർധന ഉണ്ടാകും.
അർട്ടിസാൻസ് ഡെവലപ്പ്മെന്റ്കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല. തുടർനടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു. സ്കൂൾ ലൈബ്രറിയിലേയ്ക്ക് 130000 രൂപയുടെ പുസ്തകങ്ങൾ വാങ്ങി നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.