സിപിഐ നേതാവിന്റെ റേഷന്‍ കടക്കെതിരെ നടപടി എടുത്ത താലൂക്ക് സപ്ളൈ ഓഫീസറെ സ്ഥലം മാറ്റി
1280316
Thursday, March 23, 2023 11:23 PM IST
കൊല്ലം: സിപിഐ നേതാവിന്റെ റേഷന്‍ കടക്കെതിരെ നടപടി എടുത്ത താലൂക്ക് സപ്ളൈ ഓഫീസറെ ദിവസങ്ങള്‍ക്കകം വയനാട്ടിലേക്ക് സ്ഥലംമാറ്റി പ്രതികാര നടപടി. കുന്നത്തൂര്‍ ടിഎസ്ഒ സുജ ഡാനിയേലിനെയാണ് സ്ഥലം മാറ്റിയത്.
സാധാരണ സ്ഥലം മാറ്റത്തിന്റെ മറപിടിച്ചാണ് സ്ഥലം മാറ്റമെങ്കിലും കുന്നത്തൂര്‍ സപ്ളൈ ഓഫീസര്‍ക്ക് സമാന തസ്തികയിലേക്ക സ്ഥലംമാറ്റം നല്‍കിയത് ഉത്തരവില്‍ തന്നെ വ്യക്തമാണ്. ഉത്തരവില്‍ ബാക്കി യുള്ളവരെല്ലാം അഭ്യര്‍ഥിച്ച പ്രകാരം സൗകര്യപ്രദമായാണ് സ്ഥലം മാറ്റം.
കഴിഞ്ഞ13ന് ആണ് പോരുവഴി പഞ്ചായത്തില്‍ സിപിഐ നേതാവ് രാഘവന്പിളള(പ്രിയന്‍കുമാര്‍) നടത്തുന്ന റേഷന്‍ കട നിരന്തര പരാതികളുടെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡു ചെയ്തത്. സിപിഐ സംഘടനയായ കേരളാ റേഷന്‍ എംപ്ളോയീസ് ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പ്രിയന്‍കുമാര്‍. പരാതിയെത്തുടര്‍ന്ന് ഉന്നത തലത്തില്‍ നിന്നും നിര്‍ദേശം നല്‍കിയാണ് സപ്ളൈഓഫീസറും സംഘവും പരിശോധന നടത്തിയത്. വന്‍ക്രമക്കേടാണ് കണ്ടെത്തിയത്. 21 ക്വിന്റല്‍ ധാന്യത്തിന്റെ വ്യത്യാസമാണ് കണ്ടത്. നടപടിയെത്തുടര്‍ന്ന് സുജാ ഡാനിയേലിനെ മന്ത്രിയുടെ ഓഫീസിലേക്കു വിളിപ്പിച്ചിരുന്നു. എന്നാല്‍ മന്ത്രി ജിആര്‍ അനിലിനോട് കാര്യങ്ങള്‍ വ്യക്തമാക്കിയതോടെ പ്രശ്നമില്ലെന്നും ധൈര്യമായി പൊയ്ക്കൊള്ളാനും പറഞ്ഞാണ് മടക്കിയത്. ആ വാക്കാണ് പാഴ് വാക്കായത്.