തെരുവുനായയുടെ കടിയേറ്റ് ഏഴ് പേർക്കും പോത്തിനും പരിക്ക്
1265442
Monday, February 6, 2023 11:05 PM IST
ചവറ : ചവറ ഇടത്തുരുത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ കടിയേറ്റ് ഏഴ് പേർക്കും ഒരു പോത്തിനും പരിക്കേറ്റു.
കരിത്തുറ ഇടത്തുരുത്ത് നിവാസികളായ കൊല്ലശേരിയിൽ ബിന്ദു രാധാകൃഷ്ണൻ, കടവിൽ വീട്ടിൽ ബിന്ദു സാബൂൾ, കരീത്ര വീട്ടിൽ സുമതി, കൊല്ലശേരി വടക്കതിൽ കൗസല്യ, നീണ്ടകര പരിമണം സ്വദേശി സുഭാഷ്, സുനിത ഭവനത്തിൽ വിദ്യാർഥിയായ ശിവനന്ദ, ബ്ലാകത്ത് വീട്ടിൽ ജോസഫ് എന്നിവർക്കും കരീത്ര വീട്ടിൽ രഞ്ജന്റെ ഉടമസ്ഥലിയിലുള്ള പോത്തിനും ആണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതിൽ കൗസല്യയുടെ പരിക്ക് സാരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മറ്റുള്ളവർ ജില്ലാ ആശുപത്രിയിലും നീണ്ടകര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
ഇന്നലെ പുലർച്ചെ മുതൽ രാവിലെ എട്ടു വരെയായിരുന്നു തെരുവ് നായയുടെ ആക്രമണം. സംഭവമറിഞ്ഞ് നാട്ടുകാർ ഒത്തുകൂടി നായയെ തുരത്താൻ ശ്രമിച്ചെങ്കിലും നായ ആക്രമണകാരിയായി ഓടുകയായിരുന്നു. സുമതിയെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് അതുവഴി വന്ന സുഭാഷിന് കടിയേറ്റത്.
കരിത്തുറയിലും ഇടത്തുരുത്തിലും ശല്യം കൂടുന്നതും നായ്ക്കളുടെ ആക്രമണ വിവരവും പഞ്ചായത്തിലും വെറ്ററിനറി വിഭാഗത്തിലും അറിയിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ മഡോണ ജൊസ്ഫിൻ പറഞ്ഞു.