പോലീസ് മാമനെ കണ്ടു, തൊട്ടു; സ്റ്റേഷന് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് കുട്ടികൾ
1264019
Wednesday, February 1, 2023 10:48 PM IST
തേവലക്കര: ക്ലാസ്മുറിയുടെ നാലുചുവരുകൾ കടന്ന് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ കുട്ടികൾക്ക് ഒട്ടും ഭയം തോന്നിയില്ല. സിഐയും എസ്ഐയും മറ്റു പോലീസുകാരും എല്ലാം സ്വന്തം വീട്ടുകാരെപ്പോലെ, അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചും തമാശപറഞ്ഞും നിമിഷനേരത്തിൽ അവർ പോലീസുകാരുടെ ചങ്ങാതിമാരായി.
തേവലക്കര ഈസ്റ്റ് ഗവ.എൽപി സ്കൂളിലെ കുട്ടികളാണ് സമഗ്രശിക്ഷ കേരളയുടെ നേത്യത്വത്തിൽ നടപ്പിലാക്കുന്ന ഇല പാക്കേജിന്റെ ഭാഗമായി ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെത്തിയത്. എസ്എച്ച്ഒ അനൂപിന് പൂച്ചെണ്ട് നൽകിയാണ് കുട്ടികൾ സ്റ്റേഷനിലുള്ളിലേക്ക് കടന്നത്.
വിദ്യാർഥികൾ ആദ്യം ലോക്കപ്പ് സന്ദർശിച്ചു. ലോക്കപ്പ് ശൂന്യമാണെങ്കിലും കുരുന്നു മനസിലെ ചോദ്യങ്ങൾക്ക് മുന്നിൽ പോലീസ് തൊപ്പിയൂരി.
"പോലീസ് മാമാ..... ഇതിന്റെ ഉള്ളിലിടുന്ന കള്ളനെ ഇടിക്കുമോ?'
"കള്ളന് ചോറു കൊടുക്കുമോ ..... ?'
"അച്ഛനും വഴക്കുണ്ടാക്കിയാൽ കേസ് കൊടുക്കോമോ ?'
"ഹെൽമറ്റില്ലെങ്കിൽ പെറ്റിയടക്കണോ?' ചോദ്യങ്ങളുടെ നീണ്ട നിര.
"സാറെ... ഇവിടെ തോക്കുണ്ടോ?" ഷിൻസി എന്ന നാലാം ക്ലാസുകാരിയുടെ ചോദ്യത്തിന് മുന്നിൽ ആശ്ചര്യം പൂണ്ട് സാറന്മാർ ചിരി തുടങ്ങി.
എസ്എച്ച്ഒ അനൂപിന്റെ നർമത്തിൽ കുതിർന്ന വിശദീകരണത്തിൽ നിയമപാലനത്തെക്കുറിച്ചും നിയമലംഘനത്തെക്കുറിച്ചുള്ളതെല്ലാം കുട്ടികൾ മനസിലാക്കി. സിഐ നൽകിയ ചോക്ലേറ്റുമായി കുട്ടികൾ സന്തോഷത്തോടെ മടങ്ങി. പ്രധാനധ്യാപിക എൽ. അനിത, എസ്ആർജി കൺവീനർ രാജ് ലാൽ തോട്ടുവാൽ, ജ്യോതിഷ് കണ്ണൻ, ബിനിതാ ബിനു, അജിതാ കുമാരി, ഷിബി എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.