ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് പി.എസ് സുപാല്‍
1263727
Tuesday, January 31, 2023 11:19 PM IST
അഞ്ചല്‍ : ലഹരി എന്ന മാരക വിപത്തിനെതിരെ ജാതിമത വര്‍ണ രാഷ്ട്രീയത്തിനപ്പുറം പൊതുസമൂഹം ഒറ്റെക്കെട്ടായി പോരാടണം എന്ന് പി.എസ് സുപാല്‍ എംഎല്‍എ പറഞ്ഞു. ലഹരി അടക്കമുള്ള കാര്യങ്ങളില്‍ ശ്രീനാരായണ ഗുരുവിന്റെ വാക്കുകളും ആഹ്വാനങ്ങളും ഏറെ പ്രസക്തിയുള്ള കാലഘട്ടമാണിന്ന്.
ലഹരിക്കെതിരെ സര്‍ക്കാര്‍ അടക്കം വിവിധ സംവിധാനങ്ങള്‍ നടത്തിവരുന്ന പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും എംഎല്‍എ പറഞ്ഞു. ആലഞ്ചേരി 471 -ാംനമ്പർ എസ്എന്‍ഡിപി ശാഖ പ്രതിഷ്ഠാ വാർഷികത്തോടനു ബന്ധിച്ചു നടന്ന ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പി.എസ് സുപാല്‍.
ലഹരി വിപത്ത് നാം ചിന്തിക്കുന്നതിനും അപ്പുറമാണെന്നും നമ്മുടെ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ആവശ്യമാണെന്നും സെമിനാറില്‍ പങ്കെടുത്ത കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി വിജയകുമാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ്എന്‍ഡിപി യോഗം ഡയറക്ടർ ബോർഡ് അംഗം ജി. ബൈജു അധ്യക്ഷനായിരുന്നു. മുൻ മന്ത്രി കെ രാജു, ടി ഡോ. സജീവ്, ഏരൂർ സുഭാഷ്, എസ് രാജേന്ദ്രൻ, കെ.പി രാജു, ഡി വിനോദ്, റ്റി അജയന് തുടങ്ങിയവർ പ്രസംഗിച്ചു.