ജീപ്പ് മറിഞ്ഞ് പത്തു വയസുകാരി മരിച്ചു
1262722
Saturday, January 28, 2023 2:17 AM IST
കൊട്ടാരക്കര: എംസി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് ഇടുക്കി സ്വദേശിനിയായ പത്തു വയസുകാരി മരിച്ചു. ഇടുക്കി ഏലപ്പാറ ഉപ്പുതറ ശീതൻപാറ എസ്റ്റേറ്റിൽ ശെൽവകുമാറിന്റെ മകൾ നിവേദ്യ (10) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച രാത്രി 11.30 ന് വാളകം പനവേലി കൈപ്പള്ളിമുക്കിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്കു പോയ ജീപ്പിന്റെ ടയറു പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ പാടെ മറിയുകയായിരുന്നു. ജീപ്പിനടിയിൽപ്പെട്ടാണ് കുട്ടിക്ക് പരിക്കേറ്റത്. നാട്ടുകാർ ജീപ്പുയർത്തി കുട്ടിയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ജീപ്പ് ഡ്രൈവർ ജോമോൻ (32), യാത്രക്കാരായ സതീഷ് (29), മിത്ര (5) എന്നിവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇടുക്കിയിൽ നിന്നും നാഗർകോവിലിലെ ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.ജീപ്പിൽ ഒൻപത് പേരാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുധുക്കൾക്ക് വിട്ടുകൊടുത്തു. കൊട്ടാരക്കര പോലീസ് കേസെടുത്തിട്ടുണ്ട്.