ജോഡോ യാത്രയിൽ സിപിഎം പങ്കെടുക്കാത്തത് മോദി ഭക്തികൊണ്ട്: എൻ.കെ.പ്രേമചന്ദ്രൻ
1261900
Tuesday, January 24, 2023 10:58 PM IST
ചവറ : ഭാരത് ജോഡോ യാത്രയിൽ സിപിഎം പങ്കെടുക്കാത്തത് മോദി ഭക്തി കൊണ്ടാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി. തകരുന്ന കേരളം തഴയ്ക്കുന്ന ഭരണ വർഗം എന്ന മുദ്രാവാക്യം ഉയർത്തി ആർ എസ് പി ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജസ്റ്റിൻ ജോൺ ക്യാപ്റ്റനും സി. ഉണ്ണികൃഷ്ണൻ മാനേജരുമായി നടന്നുവന്ന പ്രചാരണ കാൽനടജാഥയുടെ സമാപന സമ്മേളനം കൊട്ടുകാട്ടിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
പെട്രോൾ ഡീസൽ പാചക വാതകത്തിനു കേന്ദ്രം വില കൂട്ടുമ്പോൾ അതിന്റെ ഒരു വിഹിതം കേരളം പറ്റുന്നുണ്ട്. വെള്ളത്തിനും വൈദ്യുതിക്കും വില കൂട്ടി. നികുതികൾ കൂട്ടി പിണറായി സർക്കാർ സാധാരണക്കാരുടെ ജീവിതം ദുസ്സഹമമാക്കി.നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കുതിച്ചുയരുന്ന സാഹചര്യത്തിൽ വിപണിയിൽ ഇടപെടാൻ സർക്കാർ പരാജയപ്പെട്ടു.
കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുമ്പോൾ കെ.വി തോമസിന് ക്യാബിനറ്റ് റാങ്കും പിൻവാതിൽ നിയമനവും വിദേശ യാത്രയും നടത്തി കേരളത്തിലെ ജനങ്ങളുടെ നികുതി പണം കൊള്ളയടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം കെ പി ശങ്കരപ്പിള്ള അധ്യക്ഷനായി.
കോക്കാട്ട് റഹീം, വാഴയിൽ അസീസ്, സി.പി സുധീഷ് കുമാർ, സക്കീർ ഹുസൈൻ, സി. ഉണ്ണികൃഷ്ണൻ, ഡേറിയസ് ഡിക്രൂസ്, പുലത്തറ നൗഷാദ്, ശ്രീകുമാർ പന്തവിള, ഡി. സുനിൽകുമാർ, സോഫിയ സലാം, മുംതാസ്, ജയലക്ഷ്മി, കെ.ബാബു, കെ.പ്രദീപ്, സോഫിത, സരോജിനി, അംബികാ ദേവി, മനോജ് മോൻ, മനോജ് പന്തവിള, സിയാദ് കോയിവിള എന്നിവർ പ്രസംഗിച്ചു.