ദേശീയപാതയിലെ മരം മുറിച്ചു കടത്താൻ ശ്രമം
1246662
Wednesday, December 7, 2022 11:09 PM IST
പാരിപ്പള്ളി: നിർമാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിൽ നിന്ന മരം മുറിച്ചു കടത്താൻ ശ്രമം. മുറിച്ചു കൊണ്ടിരുന്ന മരത്തിന്റെ ശാഖകൾ വൈദ്യുതി ലൈനിൽ വീണ് പ്രശ്നമായതോടെ അനധികൃതമായി മരം മുറിച്ചു കടത്താനെത്തിയവർ കടന്നു കളഞ്ഞു.
ജില്ലാതിർത്തിയായ കടമ്പാട്ടുകോണത്താണ് മരം അനധികൃതമായി മുറിച്ചു കടത്താൻ ശ്രമിച്ചത്. വൈദ്യുതി ഓഫീസിൽ അറിയിക്കുകയോ വൈദ്യുതി ഓഫാക്കുകയോ ചെയ്യാതെയായിരുന്നു മരം മുറിയ്ക്കൽ. മരം വൈദ്യുതി ലൈനിന് മുകളിലൂടെ വീണതിനെ തുടർന്ന് ലൈനുകൾ സ്പാർക്ക് ചെയ്യുകയും വൈദ്യുതി വിതരണം തടസപെടുകയും ചെയ്തു. നാട്ടുകാർ വിവരമന്വേഷിച്ചപ്പോഴാണ് മരം മുറിച്ചു മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടത്.
നാട്ടുകാർ കൂടിയപ്പോഴേയ്ക്കും മരം മുറിപ്പുകാർ കടന്നു കളഞ്ഞു. ഓഫാക്കാത്ത വൈദ്യുതി ലൈനിന് മുകളിലൂടെ മരം വീണെങ്കിലും വലിയ അപകടമുണ്ടായില്ല.