പട്ടികജാതി വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി
1246071
Monday, December 5, 2022 10:59 PM IST
കൊട്ടാരക്കര: പട്ടികജാതിക്കാരനായ എട്ടാം ക്ലാസ് വിദ്യാർഥിയെ സ്കൂളിലെ താൽക്കാലിക അധ്യാപകൻ മർദിച്ചതായി കുട്ടിയുടെ അച്ഛനും ദളിത് സംഘടനാ നേതാക്കളും പത്രസമ്മേളനത്തിൽ ആരോപിച്ചു. മർദനമേറ്റ വിദ്യാർഥി ചികിൽസയിലാണ്. സദാനന്ദപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ സൗരവ് ദ്രാവിഡിനെ ഗസ്റ്റ് അധ്യാപകനായ ഗൗതം മർദിച്ചെന്നാണ് പരാതി.
കണംകൈയിൽ അടിയേറ്റത്തിനെ തുടർന്ന് ഞരമ്പിന് ക്ഷതമേറ്റിട്ടുണ്ട്. വൈകുന്നേരം സ്കൂൾ വിട്ട സമയത്ത് കുട്ടിയെ കൂട്ടിക്കൊണ്ടുവരുവാനെത്തിയ അച്ഛൻ കുടവട്ടൂർ മുരളിയോട് കൈയ്ക്ക് സുഖമില്ലെന്ന് കുട്ടി പറയുകയായിരുന്നു. തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം പോലീസിൽ പരാതിയും നൽകി.
വിവരങ്ങൾ അന്വേഷിക്കാൻ സ്കൂളിലെ ത്തിയ തന്നെ ചില അധ്യാപകർ ചേർന്ന് മുറിയിൽ പൂട്ടിയിട്ടതായും അച്ഛൻ പറയുന്നു. പി റ്റി എ മീറ്റിംഗിൽ ചില അധ്യാപകരെ വിമർശിച്ചതിന്റെ പകയാണ് മകനോട് തീർത്ത തെന്നാണ് ആരോപണം. എസ് സി -എസ് ടി നിയമപ്രകാരം കേസെടുക്കണമെന്നും അധ്യാപകനെ സ്കൂളിൽ നിന്ന് പുറത്താക്കണമെന്നും ദളിത് നേതാക്കൾ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം മനുഷ്യാവകാശ കമ്മീഷനെയും എസ് സി -എസ് ടി ട്രൈബൂണലിനെയും സമീപിക്കുമെന്നും അവർ വ്യക്തമാക്കി. പത്രസമ്മേളനത്തിൽ വിവിധ സംഘടനാ നേതാക്കളായ സി കെ ബാലാജി, പള്ളിക്കൽ സാമുവൽ, തങ്കമണി കോടയ്ക്കൽ, വാസന്തി അഞ്ചൽ, ഉണ്ണികുടവട്ടൂർ എന്നിവർ പങ്കെടുത്തു.