ഷിറിയയിൽ ദേശീയപാതയും പാർശ്വഭിത്തിയും കയറിമറിഞ്ഞ് വിദ്യാർഥികൾ
1573506
Sunday, July 6, 2025 7:30 AM IST
ഷിറിയ: ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ ദേശീയപാത മുറിച്ചുകടക്കാൻ മേൽപ്പാലമില്ലാത്തതിനാൽ ദേശീയപാതയും പാർശ്വഭിത്തിയും കയറിമറിഞ്ഞ് വിദ്യാർഥികളുടെ അപകടയാത്ര. അര കിലോമീറ്റർ അകലെ മുട്ടം എന്ന സ്ഥലത്താണ് ദേശീയപാതയ്ക്ക് കുറുകേ മേൽനടപ്പാലമുള്ളത്.
മേൽപ്പാലം കടക്കുന്നതിനായി അത്രയും ദൂരത്തിലും തിരിച്ചും നടക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വിദ്യാർഥികൾ അപകടകരമായ വിധത്തിൽ ദേശീയപാത മുറിച്ചുകടക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും ഇപ്പോൾതന്നെ അതിവേഗപാതയിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
സാധാരണഗതിയിൽ അതിവേഗപാതകളിൽ കാൽനടയാത്രക്കാർ പാത മുറിച്ചുകടക്കുന്ന സാഹചര്യമില്ലാത്തതിനാൽ അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയേറെയാണ്. അതിന് വഴിവയ്ക്കാതെ ഇവിടെ കൂടി മേൽനടപ്പാലം അനുവദിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഷിറിയ സ്കൂളിന് മുന്നിൽ മേൽപ്പാലമോ അടിപ്പാതയോ അനുവദിച്ചു തരണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നേരത്തേ പലതവണ ബന്ധപ്പെട്ടവർക്ക് നിവേദനങ്ങൾ നല്കിയിരുന്നതാണ്. എന്നാൽ അനുകൂല നടപടികളൊന്നും ഉണ്ടായില്ല.
അടിപ്പാതയുടെ കാര്യത്തിൽ ഇനിയൊന്നും ചെയ്യാനാകാത്ത സാഹചര്യത്തിൽ മേൽനടപ്പാലമെങ്കിലു അനുവദിച്ചുതരണമെന്നാണ് ഇപ്പോൾ എല്ലാവരുടെയും ആവശ്യം.