നീലേശ്വരം-ഇടത്തോട് റോഡ് വികസനത്തിന് വീണ്ടും ജീവൻ വയ്ക്കുന്നു
1573026
Saturday, July 5, 2025 1:02 AM IST
നീലേശ്വരം: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും മെല്ലെപ്പോക്കിനും അനുബന്ധ പ്രശ്നങ്ങൾക്കുമൊടുവിൽ നീലേശ്വരം-ഇടത്തോട് റോഡ് വികസനത്തിന് വീണ്ടും ജീവൻ വയ്ക്കുന്നു. നീലേശ്വരം പേരോലിൽ റെയിൽവേ മേൽപ്പാലം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗത്ത് റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ടെൻഡറായി. ദീർഘനാളത്തെ നിയമപ്രശ്നങ്ങൾക്കു ശേഷമാണ് ഇവിടെ 1.3 കിലോമീറ്റർ ദൂരത്തിലുള്ള സ്ഥലവും കെട്ടിടങ്ങളും റോഡ് വികസനത്തിനായി നഷ്ടപരിഹാരം നല്കി ഏറ്റെടുത്തത്.
കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനായി നേരത്തേ പലതവണ ഓൺലൈൻ ടെൻഡർ വിളിച്ചെങ്കിലും ആരും കരാറെടുക്കാൻ മുന്നോട്ടുവന്നിരുന്നില്ല. പിന്നീട് കെആർഎഫ്ബി പ്രൊജക്ട് ഡയറക്ടർ മുഖേന സാധാരണ ലേല നടപടികളിലൂടെയാണ് ടെൻഡർ നല്കിയത്.
കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനു പിന്നാലെ ഈ ഭാഗത്തെ റോഡ് വികസനവും മറ്റു ഭാഗങ്ങളിൽ പൂർത്തിയാകാതെ കിടക്കുന്ന പ്രവൃത്തികളും ഒരുമിച്ച് ചേർത്ത് പുതിയ ടെൻഡർ വിളിച്ച് കഴിവതുംവേഗത്തിൽ പ്രവൃത്തികൾ പുനരാരംഭിക്കാനാണ് ധാരണ.
2018 ലാണ് കിഫ്ബി പദ്ധതിയിൽ 42.1 കോടി രൂപ ചെലവിൽ നീലേശ്വരം-ഇടത്തോട് റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ തുടക്കംമുതൽ ഇഴഞ്ഞുനീങ്ങിയ പ്രവൃത്തികൾ നാട്ടുകാർക്കും വാഹനയാത്രക്കാർക്കും തീരാദുരിതമായി. റോഡിന്റെ സമീപപ്രദേശങ്ങൾ പലതവണ പൊടിയിൽ മുങ്ങി.
കെആർഎഫ്ബി അധികൃതർ പലതവണ സമയം നീട്ടിനല്കിയിട്ടും പ്രവൃത്തികൾ കൃത്യമായി പൂർത്തീകരിക്കാൻ കരാറുകാരന് കഴിയാതെവന്നതോടെ രണ്ടുവർഷം മുമ്പ് കരാർ റദ്ദാക്കുകയായിരുന്നു. ഇഴഞ്ഞുനീങ്ങിയ പ്രവൃത്തികൾ അതിനുമുമ്പുതന്നെ പാതിവഴിയിൽ നിലച്ചിരുന്നു.
അവശേഷിക്കുന്ന പ്രവൃത്തികളുടെ പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കിയതിനു ശേഷമാകും പുതിയ ടെൻഡർ വിളിക്കുക. ഈ മഴക്കാലം കഴിയുന്നതോടെ തന്നെ പുതിയ ടെൻഡർ വിളിച്ച് പ്രവൃത്തികൾ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.