യൂത്ത് ലീഗ് ഡിഎംഒ ഓഫീസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു
1572931
Friday, July 4, 2025 7:28 AM IST
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ആശുപത്രികളോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എകെജി ആശുപത്രി പരിസരത്തുനിന്നും പ്രകടനമായെത്തിയ പ്രവർത്തകർ പള്ളിക്കുന്ന് ഗവ. നഴ്സിംഗ് കോളജ് കാന്പസിൽ പ്രവർത്തിക്കുന്ന ഡിഎംഒ ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
പോലീസ് അടച്ച് ബന്തവസാക്കിയ ഗേറ്റ് തള്ളിത്തുറക്കാനും ഗേറ്റ് മറികടന്ന് കാന്പസിലേക്ക് കടക്കാനുമുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞു. തുടർന്ന് പോലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷാവസ്ഥ ഒഴിവാക്കാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മയിൽ വയനാട് സമരം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് നസീർ നെല്ലൂർ അധ്യക്ഷത വഹിച്ചു. മാർച്ച് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പ്രവർത്തകർ വീണ്ടും ഗേറ്റ് തള്ളിത്തുറന്ന് ഡിഎംഒ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് രണ്ടാമതും സംഘർഷാവസ്ഥയ്ക്കിടയാക്കിയത്. സമരക്കാരെ പിന്തിരിപ്പിക്കാനായി പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരന്നു.
യൂത്ത് ലീഗ് ജില്ലാജനറൽ സെക്രട്ടറി പി.സി. നസീർ, കെ.കെ.ഷിനാജ്, ഷംസീർ മയ്യിൽ, അഷ്ക്കർ കണ്ണാടിപ്പറന്പ്, ഷബീർ എടയന്നൂർ, ജംഷീർ ആലക്കാട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നത് പ്രവർത്തകർ തടഞ്ഞു. വാഹനത്തിന് മുന്നിൽ നിരന്നുനിന്ന് പ്രതിരോധം തീർക്കുകയായിരന്നു. ഇത് പോലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചു. പോലീസ് സംയമനം പാലിച്ചതിനാലാണ് ലാത്തിച്ചാർജ് ഒഴിവായത്. ഇതിനിടെ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി വാഹനത്തിന് കടന്നു പോകാൻ സൗകര്യമൊരുക്കുകയായിരുന്നു. അറസ്റ്റിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.