എയിംസിന് മറ്റേതു ജില്ലയേക്കാളും അർഹത കാസർഗോഡിന്: ദയാബായി
1572378
Thursday, July 3, 2025 1:13 AM IST
രാജപുരം: കേരളത്തിൽ എയിംസിന് ഏറ്റവും അർഹതയുള്ള ജില്ല കാസർഗോഡ് ആണെന്നും മറ്റേതു ജില്ലയെക്കാളും ചികിത്സ അപര്യാപ്തത ഉള്ളത് എവിടെയാണെന്നും സാമൂഹ്യപ്രവർത്തക ദയാബായി രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ വിദ്യാർഥികളുമായി സംവദിക്കവേ അഭിപ്രായപ്പെട്ടു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ സമാനതകൾ ഇല്ലാത്തതാണ്.ഗുരുതരമായ ചികിത്സാപിഴവുകൾ കാസർഗോഡ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത മൂലമാണ്.
കാസർഗോഡ് അനുവദിക്കപ്പെട്ട മെഡിക്കൽ കോളജ്, മെഡിക്കൽ കോളജിന്റെ ഗണത്തിൽ ഉൾപ്പെടുത്തുവാൻ പറ്റിയതല്ല. ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ അവിടെയില്ല. ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലയിലെ രോഗികൾക്ക് കൂടുതലായി കർണാടക സംസ്ഥാനത്തെ ആശുപത്രികളെ ആശ്രയിക്കേണ്ടതായി വരുന്നു.
പുതുതലമുറയിൽപ്പെട്ട വിദ്യാർഥികൾ, സമൂഹത്തിൽ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് പൂർണ ബോധവാന്മാരാകണം.
ഗ്രാമീണ മേഖലകളിലെ ജീവിതം മെച്ചപ്പെടുന്നതിന് ഉപോൽബലകം ആകുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സിലബസ് പൊളിച്ചെഴുതണം.
സോഷ്യൽ വർക്ക് കോഴ്സിന് പഠിക്കുന്ന കാലത്ത് ഗ്രാമീണ മേഖലയിലെ ജീവിതമാറ്റത്തെക്കുറിച്ച് സ്പർശിക്കാത്ത സിലബസ് കണ്ട് ദുഃഖിതയായി കോഴ്സ് പഠനം അവസാനിപ്പിച്ച അനുഭവവും പിന്നീട് പ്രസ്തുത കോളജ് തന്നെ സിലബസ് പൊളിച്ചെഴുതി മാറ്റങ്ങൾ കൊണ്ടുവന്നതും ദയാബായി ഓർമിച്ചെടുത്തു.