നിർഭയത്വം മോൺ. തൈത്തോട്ടത്തിന്റെ മുഖമുദ്ര: മാർ ജോസഫ് പാംപ്ലാനി
1572928
Friday, July 4, 2025 7:28 AM IST
തലശേരി: ദുർമോഹങ്ങളില്ലാത്ത മനസും ദുർമേദസില്ലാത്ത ശരീരവുമാണ് മോൺ. തോമസ് തൈത്തോട്ടമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. മോൺ. തൈത്തോട്ടത്തിന്റെ ജീവിതവും പ്രവർത്തനശൈലിയും പരിചയപ്പെടുത്താൻ സ്നേഹകൂട്ടായ്മ പുറത്തിറക്കിയ "പ്രതിബദ്ധതയുടെ പ്രതീകം' പുസ്തകം പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
ലഹരിക്കെതിരേയും കുടിയിറക്കിനെതിരേയും ഐതിഹാസികമായ സമരങ്ങൾക്ക് നേതൃത്വം നല്കിയ വ്യക്തിത്വമാണ് തൈത്തോട്ടം. നിർഭയത്വമാണ് തൈത്തോട്ടത്തിന്റെ മുഖമുദ്ര. സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ല. ആറു പതിറ്റാണ്ട് അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ എന്നും ഓർമിക്കപ്പെടും. വൈദികനാകാനുള്ള പ്രേരണ തന്നിൽ ജനിപ്പിച്ചത് ഫാ. തൈത്തോട്ടത്തിന്റെ പ്രവർത്തനങ്ങളാണെന്നും ആർച്ച്ബിഷപ് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ പുസ്തകം ഏറ്റുവാങ്ങി. മലബാറിന്റെ പൊതു സ്വത്താണ് തൈത്തോട്ടമെന്ന് സണ്ണി ജോസഫ് പറഞ്ഞു.
കശുവണ്ടി കർഷകസമരത്തിനും ലഹരി വിരുദ്ധ പോരാട്ടങ്ങൾക്കും ശക്തമായ നേതൃത്വം നൽകി. മനുഷ്യഹൃദയങ്ങളിൽ തെളിനീര് ഒഴുക്കുന്നതാണ് തൈത്തോട്ടത്തിന്റെ പ്രസംഗങ്ങളെന്നും സണ്ണി ജോസഫ് പറഞ്ഞു.
പ്രതീക്ഷ ഡയറക്ടർ ഫാ. കുര്യാക്കോസ് കോലക്കുന്നേൽ അധ്യക്ഷത വഹിച്ചു. മൈനർ സെമിനാരി റെക്ടർ ഫാ. തോമസ് മേൽവെട്ടം അനുഗ്രഹപ്രഭാഷണം നടത്തി.
ഈയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ, മാത്യു എം. കണ്ടത്തിൽ, ടി.പി.ആർ. നാഥ്, സിസ്റ്റർ ഡോ. ആൻസി, രാജൻ തിയറത്ത്, ടോമി വെട്ടിക്കാട്ട്, ഷിനോ പാറയ്ക്കൽ, ജോൺ പ്ലാമൂട് എന്നിവർ പ്രസംഗിച്ചു. മോൺ. തോമസ് തൈത്തോട്ടം മറുപടി പ്രസംഗം നടത്തി. ഡോ. ജോസ്ലെറ്റ് മാത്യു, ആന്റണി മേൽവെട്ടം എന്നിവർ പ്രസംഗിച്ചു.