ലൈസന്‍സില്ലാത്ത പന്നിഫാമിനെതിരേനടപടി
1572382
Thursday, July 3, 2025 1:13 AM IST
മഞ്ചേശ്വരം: വോര്‍ക്കാടി പഞ്ചായത്തിലെ ബേക്കറി-തൗടുഗോളി പ്രധാന റോഡരികിലെ ജംഗളയില് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചുവരുന്ന പന്നിഫാമില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി. പരിശോധനയില്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി.
500 ലധികം പന്നികളെ വളര്‍ത്തുന്ന ഫാമില്‍ നിന്നുള്ള മലിനജലം ഫാം ഉടമയുടെ സ്ഥലത്ത് തന്നെ തുറസായ കുഴിയിലേക്ക് ഒഴുക്കി വിടുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പുരയിടത്തിന്റെ താഴ്ഭാഗത്ത് കൂടി ഒഴുകുന്ന അരുവിയിലേക്കും ഫാമില്‍ നിന്നുള്ള മലിനജനം ഒഴുകിയെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തനരഹിതമാണ്. പരിസരത്തുള്ളവര്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്ന സ്ഥാപനത്തില്‍ നിന്നും എത്രയും വേഗം നിലവിലുള്ള പന്നികളെ ഷിഫ്റ്റ് ചെയ്യുന്നതിനും ശാസ്ത്രീയമായും ലൈസന്‍സോടുകൂടിയും മാത്രം പുനരാരംഭിക്കുന്നതിനും ഉടമയെ അറിയിക്കുകയും ലംഘനത്തിന് കേരള പഞ്ചായത്ത് രാജ് ആക്ട് 219 കെ പ്രകാരം 25,000 രൂപ പിഴ ചുമത്തുകയും നിയമലംഘനം ആവര്‍ത്തിക്കുന്ന പക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിന് പഞ്ചായത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.