പാറക്കടവിലെ കുട്ടികൾക്ക് ബിരിയാണിയും ചിക്കൻകറിയും നേരത്തേ കിട്ടി
1573503
Sunday, July 6, 2025 7:30 AM IST
പാറക്കടവ്: പാറക്കടവ് എഎൽപി സ്കൂളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉച്ചഭക്ഷണ മെനു വരുന്നതിനു മുമ്പുതന്നെ ബിരിയാണിയും ചിക്കൻകറിയുമൊക്കെ ഉച്ചഭക്ഷണത്തിന്റെ ഭാഗമാണ്. കുട്ടികളുടെയും അധ്യാപകരുടെയും ജന്മദിനങ്ങളിലും മറ്റ് ആഘോഷവേളകളിലുമാണ് ചിക്കൻ കറിയും സദ്യയും പായസവുമൊക്കെ കുട്ടികളുടെ മുന്നിലെത്തുന്നത്.
പൂർവവിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരുമെല്ലാം അവരുടെ ആഘോഷങ്ങളിൽ സ് കൂളിലെ കുട്ടികളെയും ഒപ്പം കൂട്ടാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതു കൊണ്ടുതന്നെ ഓരോ മാസവും പലതവണ സ്കൂളിലെ ഉച്ചഭക്ഷണ മെനുവിൽ സദ്യയും ബിരിയാണിയുമെല്ലാം സ്ഥാനം പിടിക്കുന്നു.
പിടിഎ, മദർ പിടിഎ അംഗങ്ങളുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ശുദ്ധമായ ഭക്ഷണം ഒരുക്കിനല്‍കുന്നത്. രക്ഷിതാക്കളുടെ റിസോഴ്സ് ഗ്രൂപ്പ് രുപീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പുതിയ ഉച്ചഭക്ഷണ മെനു ഒന്നുകൂടി കൃത്യമായി കുട്ടികളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യാധ്യാപകൻ ബിജു മാത്യു പാഴൂരും സഹാധ്യാപകരും.