കരിച്ചേരിക്കുന്നിൽ മണ്ണിടിച്ചിൽ ഭീഷണി
1572385
Thursday, July 3, 2025 1:13 AM IST
ബന്തടുക്ക: ബന്തടുക്ക-പൊയിനാച്ചി റോഡിൽ അഞ്ച് ഹെയർപിൻ വളവുകൾ ഉൾക്കൊള്ളുന്ന കരിച്ചേരിക്കുന്നിൽ മണ്ണിടിച്ചിൽ ഭീഷണി. ഈ വർഷം മഴക്കാലം തുടങ്ങിയതിനുശേഷം വളവുകളോടു ചേർന്ന് ഒൻപതിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന്റെ തോത് താരതമ്യേന കുറവായതിനാൽ ഇതുവരെ ഗതാഗത തടസം ഉണ്ടായില്ല.
എന്നാൽ ഇത്തവണ മണ്ണിടിച്ചിൽ മുൻവർഷങ്ങളിലേതിനേക്കാൾ കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. ചിലയിടങ്ങളിൽ റോഡിനോടു ചേർന്നുള്ള ഭാഗത്ത് മലയിലെ മണ്ണ് ഇടിഞ്ഞുവീഴാൻ പാകത്തിൽ ഇളകിനിൽക്കുന്നതും ആശങ്കയാകുന്നുണ്ട്.
ആറുവർഷം മുമ്പാണ് കുന്നിന്റെ ഭാഗങ്ങൾ ഇടിച്ച് റോഡ് വീതികൂട്ടി നവീകരിച്ചത്. വയനാട്ടിലേക്കുള്ള ചുരംപാതയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഹെയർപിൻ വളവുകളും വ്യൂ പോയിന്റുകളും പാതയുടെ പ്രത്യേകതകളായി എടുത്തുകാണിക്കപ്പെട്ടിരുന്നു.
രണ്ടാം നമ്പർ വളവിൽ കരിച്ചേരി വിളക്കുമാടം ക്ഷേത്രത്തിലേക്കുള്ള റോഡ് ആരംഭിക്കുന്ന ഭാഗത്താണ് ഇത്തവണ കാര്യമായി മണ്ണിടിഞ്ഞത്. ഇവിടെ 20 അടിയോളം ഉയരത്തിൽ നിന്നാണ് കല്ലുകളും മണ്ണും റോഡിനോടു ചേർന്ന ഭാഗത്തേക്ക് പതിച്ചിരിക്കുന്നത്.
രണ്ടാം നമ്പർ വളവിനും മൂന്നാം നമ്പർ വളവിനും ഇടയിലുള്ള ഭാഗത്തും നാലാമത്തെ വളവിനോടു ചേർന്നും അഞ്ചാം നമ്പർ വളവിന് സമീപം മൂന്നിടങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള ഭാഗങ്ങളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഇനിയും മഴ ശക്തിപ്രാപിച്ചാൽ ഇതുവഴി മലയോര മേഖലയിലേക്കുള്ള ഗതാഗതം തടസപ്പെടുന്ന നിലയാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.