ജില്ലയിലെ സർവകലാശാല കാമ്പസുകളിൽ ആളൊഴിയുന്നു
1573025
Saturday, July 5, 2025 1:02 AM IST
നീലേശ്വരം: മൾട്ടി കാമ്പസ് സർവകലാശാല എന്ന ആശയത്തോടെ തുടങ്ങിയ കണ്ണൂർ സർവകലാശാല ഇപ്പോൾ കോഴ്സുകളെല്ലാം സർവകലാശാല ആസ്ഥാനത്തുതന്നെ കേന്ദ്രീകരിക്കുന്ന സാമ്പ്രദായിക രീതിയിലേക്ക് മാറാനൊരുങ്ങുമ്പോൾ ജില്ലയിലെ സർവകലാശാല കാമ്പസുകളിൽ ആളൊഴിയുന്നു.
കേരളത്തിലെ ഒരു സർവകലാശാലയുടെ ആദ്യത്തെ വില്ലേജ് കാമ്പസ് എന്ന വിശേഷണത്തോടെ തുടങ്ങിയ നീലേശ്വരം പാലാത്തടത്തെ ഡോ.പി.കെ. രാജൻ മെമ്മോറിയൽ കാമ്പസിൽനിന്ന് മലയാള വിഭാഗത്തെ മാങ്ങാട്ടുപറമ്പ് കാമ്പസിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഏറ്റവുമൊടുവിൽ നടക്കുന്നത്. പുതിയ നാലുവർഷ ബിരുദ കോഴ്സുകൾക്കും ഇന്റഗ്രേറ്റഡ് കോഴ്സുകൾക്കും അനുസൃതമായി ബിരുദാനന്തര ബിരുദ കോഴ്സുകളെ പുനക്രമീകരിക്കുമ്പോൾ എല്ലാ കോഴ്സുകളും ഒരിടത്തായിരിക്കുന്നതാണ് സൗകര്യപ്രദമെന്നാണ് അധികൃതരുടെ നിലപാട്.
മലയാളം കോഴ്സ് പഠിക്കുന്നവർക്ക് മറ്റു ഭാഷകളും ജേർണലിസം, ചരിത്രം തുടങ്ങിയ വിഷയങ്ങളും ഇലക്ടീവ് ആയി തെരഞ്ഞെടുത്ത് പഠിക്കാൻ ഇതുവഴി അവസരമൊരുങ്ങും. ഈ വിഷയങ്ങൾ മുഖ്യവിഷയമായി പഠിക്കുന്നവർക്ക് മലയാളവും പഠിക്കാൻ കഴിയും.
ഇതേ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവർഷം എം എസ് സി മോളിക്യുലാർ ബയോളജി കോഴ്സ് നീലേശ്വരത്തു നിന്ന് തലശേരി പാലയാട് കാമ്പസിലേക്ക് മാറ്റിയത്. മൈക്രോബയോളജി പോലുള്ള സമാനമായ മറ്റു ശാസ്ത്രവിഷയങ്ങളുള്ളത് പാലയാട് കാമ്പസിലാണെന്നും കോഴ്സുകൾ ഒരേ സ്ഥലത്താക്കിയാൽ വിദ്യാർഥികൾക്ക് ഇഷ്ടവിഷയങ്ങൾ ഇലക്ടീവായി ചേർത്തു പഠിക്കാൻ കഴിയുമെന്നുമാണ് അന്നും പറഞ്ഞത്.
എംഎ മലയാളം കൂടി മാറ്റിയാൽ പാലാത്തടം കാമ്പസിൽ ആകെ അവശേഷിക്കുക എംഎ ഹിന്ദിയും എംബിഎയും മാത്രമായിരിക്കും. ഭാഷാവിഷയങ്ങളുടെ ഏകീകരണത്തിന്റെ പേരിൽ ഹിന്ദിയും ഏതുനിമിഷവും മാങ്ങാട്ടുപറമ്പിലേക്ക് മാറ്റിയേക്കാം. അതോടെ വിശാലമായ സ്ഥലസൗകര്യവും കെട്ടിടങ്ങളുമെല്ലാമുള്ള പാലാത്തടം കാമ്പസ് ഒരു സ്വാശ്രയ എംബിഎ പഠനകേന്ദ്രം മാത്രമായി ഒതുങ്ങും.
കണ്ണൂർ സർവകലാശാലയുടെ ബഹുഭാഷാ പഠന ഗവേഷണകേന്ദ്രമാക്കാൻ ലക്ഷ്യമിട്ടിരുന്ന മഞ്ചേശ്വരം കാമ്പസ് ഇപ്പോൾ ലോ കോളജായും കാസർഗോഡ് ചാല കാമ്പസ് ബിഎഡ് സെന്ററായും മാത്രമാണ് ഫലത്തിൽ പ്രവർത്തിക്കുന്നത്. കാസർഗോഡ് എംബിഎ കോഴ്സും നീലേശ്വരത്ത് എംസിഎ കോഴ്സും നേരത്തേ തുടങ്ങിയിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ആവശ്യത്തിന് കുട്ടികളെ കിട്ടാനില്ലാത്തതും കാരണം നിർത്തുകയായിരുന്നു.
പരമ്പരാഗത കോഴ്സുകൾ പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുനക്രമീകരിക്കുന്നത് നല്ല കാര്യമാണെങ്കിലും അങ്ങനെ ചെയ്യുമ്പോൾ ജില്ലയിലെ കാമ്പസുകളെ പൂർണമായും ഒഴിച്ചുനിർത്തുന്നത് ശരിയല്ലെന്ന് വിദ്യാർഥികളും അധ്യാപകരും നാട്ടുകാരുമെല്ലാം ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ കാമ്പസുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി പുതുതലമുറയുടെ ആവശ്യങ്ങൾക്കൊത്ത കോഴ്സുകൾ ഇവിടെയും തുടങ്ങാൻ സർവകലാശാല നടപടി സ്വീകരിക്കണമെന്നാണ് എല്ലാവരുടെയും ആവശ്യം.