കാഞ്ഞങ്ങാട് കൈറ്റ് ബീച്ച് നഗരസഭ അടപ്പിച്ചു
1466820
Tuesday, November 5, 2024 8:49 AM IST
കാഞ്ഞങ്ങാട്: നഗരസഭാ പരിധിയിലെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിൽ നിർമിച്ച കൈറ്റ് ബീച്ച് സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ നഗരസഭ അടപ്പിച്ചു. തീരദേശ പരിപാലനനിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ ഇളവുകൾ ലഭിക്കുന്നതിനും നഗരസഭയുടെ അനുമതിക്കും മുൻകൂർ അപേക്ഷ നല്കാതെയാണ് കൈറ്റ് ബീച്ചിന്റെ നിർമാണം നടത്തിയതെന്ന് നഗരസഭയിൽ സംസ്ഥാന ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഹൊസ്ദുർഗ് കടപ്പുറത്ത് വിനോദ സഞ്ചാരകേന്ദ്രമൊരുക്കാൻ രണ്ടരവർഷം മുമ്പ് റവന്യൂവകുപ്പ് ഡിടിപിസിക്ക് വിട്ടുനല്കിയ 25 സെന്റ് സ്ഥലത്താണ് കൈറ്റ് ബീച്ച് നിർമിച്ചത്. ഒന്നേകാൽകോടി രൂപയോളമായിരുന്നു നിർമാണച്ചെലവ്. ജില്ലാ ഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിന്റെയും അനുമതിയോടെയായിരുന്നു നിർമാണം. നിർമാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും നഗരസഭയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. കഴിഞ്ഞ മാർച്ച് 13ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ബീച്ചിന്റെ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിലും നഗരസഭാധ്യക്ഷ പങ്കെടുത്തിരുന്നു.
തീരദേശ പരിപാലനനിയമവും നഗരസഭയുടെ അനുമതിയും സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്ന കാര്യം അന്നൊന്നും നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഏതാനും മാസങ്ങൾക്കുശേഷം നഗരസഭയിൽ ഓഡിറ്റ് നടന്നപ്പോഴാണ് ഇക്കാര്യം ഉയർന്നുവന്നത്. ഇതോടെ നിയമം പാലിക്കാൻ മറ്റു വഴിയില്ലാതെ നഗരസഭാ അധികൃതർ ബീച്ചിന്റെ നടത്തിപ്പിന് കരാർ ഏറ്റെടുത്ത വ്യക്തിക്ക് നോട്ടീസ് നല്കുകയായിരുന്നു.
സിപിഎം സഹയാത്രികനും മുൻ നഗരസഭാ കൗൺസിലറുമായ മഹമൂദ് മുറിയനാവിക്കാണ് ബീച്ചിന്റെ നടത്തിപ്പിന് കരാർ കിട്ടിയത്. പ്രതിമാസം 93000 രൂപയാണ് വാടകയിനത്തിൽ ഡിടിപിസിയിൽ അടക്കേണ്ടിയിരുന്നത്. അഞ്ചരലക്ഷം രൂപ സ്ഥിരനിക്ഷേപവും നല്കി. എന്നാൽ, ആദ്യത്തെ മൂന്നുമാസം മാത്രമേ വാടക നല്കുകയും ബീച്ച് തുറന്നുപ്രവർത്തിക്കുകയും ചെയ്തിരുന്നുള്ളു. ജൂണിൽ മഴക്കാലം തുടങ്ങിയപ്പോൾ ബീച്ച് അടച്ചിടാൻ ജില്ലാ ഭരണകൂടം തന്നെ നിർദേശം നല്കി. അതുകഴിഞ്ഞ് വീണ്ടും തുറക്കാനൊരുങ്ങുമ്പോഴാണ് നഗരസഭയുടെ നോട്ടീസ് ലഭിച്ചത്.
കുട്ടികൾക്കുള്ള കളിസ്ഥലം, ലഘുഭക്ഷണശാല, ഇരിപ്പിടങ്ങൾ, സെൽഫി പോയിന്റുകൾ, സുവനീർ ഷോപ്പ് തുടങ്ങിയ സൗകര്യങ്ങളാണ് കൈറ്റ് ബീച്ചിൽ ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരുന്നു. ഇവിടെ നിർമിച്ച എട്ട് സ്റ്റാളുകളും ഭക്ഷണശലയും വാടകയ്ക്ക് നല്കിയാണ് കരാറുകാരൻ ഡിടിപിസിക്ക് വാടകയും വൈദ്യുതി ചാർജും താത്കാലിക ജീവനക്കാർക്ക് ശമ്പളവും നല്കുന്നതിനുള്ള വരുമാനവും ലാഭവും കണ്ടെത്തേണ്ടത്. എന്നാൽ, തീരദേശ നിയമം ചൂണ്ടിക്കാട്ടി സ്റ്റാളുകൾക്ക് കെട്ടിട നമ്പർ നല്കാൻ നഗരസഭ വിസമ്മതിച്ചതോടെ ബീച്ചിന്റെ നടത്തിപ്പ് പ്രതിസന്ധിയിലാകുകയായിരുന്നു.
ബീച്ച് തുറന്നുപ്രവർത്തിപ്പിക്കാനാകാത്ത സാഹചര്യത്തിൽ കരാറുകാരനിൽ നിന്ന് വാടക ഈടാക്കില്ലെന്ന് ഡിടിപിസി അധികൃതർ വ്യക്തമാക്കി. ഇനി തീരദേശ നിയമത്തിൽ ഇളവ് ലഭിക്കുന്നതിനും നഗരസഭയുടെ അനുമതിയില്ലാതെ നടത്തിയ അനധികൃത നിർമാണങ്ങൾ പിഴയടച്ച് ക്രമപ്പെടുത്തുന്നതിനും ഡിടിപിസി അധികൃതർ അപേക്ഷ നല്കിയാൽ മാത്രമേ ബീച്ച് തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയൂവെന്നാണ് നഗരസഭയുടെ നിലപാട്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ഹരിത വിനോദസഞ്ചാരകേന്ദ്രമായി കൈറ്റ് ബീച്ചിനെ പ്രഖ്യാപിക്കാൻ കഴിഞ്ഞദിവസം ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നെങ്കിലും ബീച്ച് തുറക്കാനാകാത്ത സാഹചര്യത്തിൽ ഇത് മാറ്റിവയ്ക്കുകയായിരുന്നു.