നിയമസഭാ മണ്ഡല തലത്തിൽ വിവരാവകാശ സെമിനാറുകൾ സംഘടിപ്പിക്കും: ടി.കെ. രാമകൃഷ്ണൻ
1466400
Monday, November 4, 2024 3:25 AM IST
കാസർഗോഡ്: സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ നിയമസഭാ മണ്ഡല തലത്തിൽ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് വിവരാവകാശ കമ്മീഷണർ ടി.കെ. രാമകൃഷ്ണൻ അറിയിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ സർക്കാർ ഓഫീസുകളിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കും അപ്പലേറ്റ് ഉദ്യോഗസ്ഥർക്കും വേണ്ടി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്നത് തടയാൻ നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ പറഞ്ഞു. പൗരന്മാർക്ക് പ്രത്യക്ഷ ജനാധിപത്യത്തിനുള്ള ഉപാധിയാണ് വിവരാവകാശ നിയമം. ജനപ്രതിനിധികൾക്ക് നിയമനിർമാണ സഭകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പൗരന്മാർക്ക് നേരിട്ട് ലഭ്യമാക്കാൻ ഇത് വഴിയൊരുക്കും. നിയമസഭാ മണ്ഡലം തല ശില്പശാലകളുടെ ഉദ്ഘാടനം നവംബര്‍ 30 ന് കളമശേരിയില്‍ നടക്കും.
വര്‍ധിച്ചു വരുന്ന അപ്പീലുകൾ വളരെ പെട്ടെന്ന് തന്നെ തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ ജില്ലകള്‍ തോറും തെളിവെടുപ്പ് നടത്തുന്നത്. നിയമാനുസരണം ലഭ്യമാക്കേണ്ട വിവരങ്ങൾ കൃത്യമായി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ പറഞ്ഞു. ഇന്നലെ നടന്ന സിറ്റിംഗിൽ ജില്ലയിലെ 11 കേസുകള്‍ തീര്‍പ്പാക്കി.