ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വ്യാപക കവർച്ച
1466817
Tuesday, November 5, 2024 8:49 AM IST
കാസർഗോഡ്: കാസർഗോഡിന്റെ സമീപപ്രദേശങ്ങളിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വ്യാപക കവർച്ച. മാന്യ അയ്യപ്പഭജനമന്ദിരത്തിലും നെല്ലിക്കട്ട ശ്രീനാരായണ ഗുരുമന്ദിരത്തിലുമാണ് ഏറ്റവുമൊടുവിൽ കവര്‍ച്ച നടന്നത്. എടനീർ മഠത്തിനു കീഴിലുള്ള ക്ഷേത്രത്തിലും ഗസ്റ്റ് ഹൗസിലും മഞ്ചേശ്വരം വോർക്കാടിയിലെ പള്ളിയിലും ദേവസ്ഥാനത്തും ഏതാനും വീടുകളിലും കഴിഞ്ഞ ദിവസങ്ങളിൽ കവർച്ചകൾ നടന്നിരുന്നു. വൻ കവർച്ചാസംഘം തന്നെ മേഖലയിൽ തമ്പടിച്ചതായാണ് സൂചന.
മാന്യ അയ്യപ്പഭജനമന്ദിരത്തിന്റെ വാതിലുകൾ കുത്തിതുറന്നാണ് കവര്‍ച്ചക്കാർ അകത്തുകടന്നത്. അകത്തുണ്ടായിരുന്ന നാലുലക്ഷം രൂപ വില വരുന്ന വെള്ളിയില്‍ നിര്‍മിച്ച അയ്യപ്പന്റെ ഛായാചിത്രമാണ് കവര്‍ന്നത്. ഭജനമന്ദിരത്തിന് സമീപത്തെ ക്വാട്ടേഴ്സ് മുറിയില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഈ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിഥി തൊഴിലാളികളെല്ലാം അകത്തുതന്നെ ഉണ്ടായിരുന്നു. രാത്രി ഇടക്കിടെ വൈദ്യുതി മുടങ്ങിയിരുന്നതായി ഇവർ പറയുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
നെല്ലിക്കട്ടയില്‍ ഗുരുമന്ദിരത്തിന്റെ രണ്ട് വാതിലുകള്‍ കുത്തിത്തുറന്ന് അകത്ത് സൂക്ഷിച്ചിരുന്ന രണ്ട് ഭണ്ഡാരപ്പെട്ടികളും ഓഫീസ് മുറിയിലെ അലമാര കുത്തിതുറന്ന് 25,0000 രൂപയുമാണ് കവര്‍ന്നത്. ഒരേ സംഘം തന്നെയാകാം രണ്ടു കവർച്ചകൾക്കും പിന്നിലെന്ന് സംശയിക്കുന്നു.
പൊയിനാച്ചി ടൗണിലുള്ള അയ്യപ്പക്ഷേത്രത്തിലും ഞായറാഴ്ച രാത്രി കവർച്ച നടന്നു. പൂട്ടുകൾ തകർത്താണ് കവർച്ചക്കാർ അകത്തു കടന്നത്. ഒരുപവൻ സ്വർണവും 5000 രൂപയുമാണ് ഇവിടെനിന്ന് നഷ്ടമായത്. സിസിടിവി കാമറയുടെ ഹാർഡ് ഡിസ്കും നഷ്ടമായി. ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന നിലയിലാണ്. ഇവയിൽ എത്ര പണമുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
എടനീര്‍ മഠത്തിനു കീഴിലുള്ള വിഷ്ണുമംഗലം ക്ഷേത്രത്തിലാണ് മറ്റൊരു കവര്‍ച്ച നടന്നത്. ക്ഷേത്രവാതിലിന്റെയും ഭണ്ഡാരത്തിന്റെയും പൂട്ട് തകര്‍ത്ത നിലയിലാണ്. രണ്ടുമാസമായി ഭണ്ഡാരം തുറന്ന് പണമെടുക്കാത്തതിനാൽ അതിനകത്ത് ഏഴായിരത്തോളം രൂപയുണ്ടാകുമെന്നാണ് കണക്ക്. അടുക്കള വാതിലിന്റെ പൂട്ടും തകര്‍ത്ത നിലയിലാണ്. വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡോഗ് സ്ക്വാഡും ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.
മഞ്ചേശ്വരം പോലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ 10 ദിവസത്തിനിടെ ചെറുതും വലുതുമായി 11 കവര്‍ച്ചകളാണ് നടന്നത്. വോര്‍ക്കാടി പാവള ബജിരകരിയിലെ ക്രിസ്ത്യൻ പള്ളിയുടെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് 3000 രൂപയും പാവള കൊറഗജ്ജ ദേവസ്ഥാനത്തിന്റെ ഭണ്ഡാരം തകര്‍ത്ത് 2000 രൂപയും കവര്‍ന്നു.
ജല അഥോറിറ്റി ജീവനക്കാരന് ആനക്കല്ലിലെ അഷറഫിന്റെ വീട് കുത്തിത്തുറന്ന് 5000 രൂപയും മൊബൈല്‍ ചാര്‍ജറും കവര്‍ന്നു. മറുഗോളി പാടിയിലെ ബഷീറിന്റെ കട കുത്തിത്തുറന്ന് 8000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. അഷറഫിന്റെ വീടിന്റെ രണ്ടാം നിലയിലെ വാതില്‍ തകര്‍ത്താണ് സംഘം അകത്ത് കയറിയത്. അകത്തെ മൂന്ന് അലമാരകളും കുത്തിത്തുറന്ന നിലയിലാണ്.
കവർച്ചാസംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, താരതമ്യേന ഉൾപ്രദേശങ്ങളിലെ ആരാധനാലയങ്ങളെ കവർച്ചക്കാർ ലക്ഷ്യമിടുന്നതാണ് പോലീസിന് തലവേദനയാകുന്നത്. സംഘത്തെ കണ്ടെത്താന്‍ കവർച്ച നടന്ന പ്രദേശങ്ങളിലെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.