ജില്ലാ ശാസ്ത്രോത്സവം നാളെ മുതല്‍
1465472
Thursday, October 31, 2024 7:47 AM IST
കാസര്‍ഗോഡ്: റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളുമായി ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ഏഴ് ഉപജില്ലകളില്‍ നിന്നായി 122 ഇനങ്ങളില്‍ 2060 വിദ്യാര്‍ഥികളും ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ 42 അധ്യാപകരും മത്സരിക്കാനെത്തും. ശാസ്ത്രോത്സവത്തിന്റെ ആദ്യദിനം ശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐടി മേള, വൊക്കേഷണല്‍ എക്സ്പോ എന്നിവയും ചെറുധാന്യങ്ങള്‍: ആരോഗ്യത്തിനും സുസ്ഥിര ഭാവിക്കും എന്ന വിഷയത്തിലുള്ള സെമിനാറും നടക്കും. സെമിനാറിന് സിപിസിആര്‍ഐ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ നിലോഫര്‍ ഇല്യാസ്കുട്ടി നേതൃത്വം നല്‍കും.
രണ്ടാംദിനത്തില്‍ സാമൂഹ്യശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും നടക്കും. ശാസ്ത്രനാടകം, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ തയാറാക്കിയ ഉത്പന്നങ്ങള്‍ കാണാനും വൊക്കേഷണല്‍ എക്സ്പോയും വിപണനമേളയും സന്ദര്‍ശിക്കാനും പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ഫ്ലാഷ്മോബ് നടക്കും. നാളെ രാവിലെ 10.30നു രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം നിര്‍വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും.
രണ്ടിന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചെമ്മാട് പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാനുമായ സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മധുസൂദനന്, സ്കൂള്‍ മാനേജര്‍ സി.ടി. അഹമ്മദലി, ജമാഅത്ത് ജനറല്‍ സെക്രട്ടറി എന്‍.എ. ബദറുല്‍ മുനീര്‍, പിടിഎ പ്രസിഡന്റ് പി.എം. അബ്ദുള്ള, പ്രിന്‍സിപ്പല്‍ ഡോ.സുകുമാരന്‍ നായര്‍, മുഖ്യാധ്യാപകന്‍ കെ. വിജയന്, ഇബ്രാഹിം കരീം ഉപ്പള, വി.പി. യൂസഫ്, സത്താര്‍ ആതവനാട്, ഗഫൂര്‍ ദേളി എന്നിവര്‍ സംബന്ധിച്ചു.