ജോലിഭാരത്തിനൊപ്പം പുതിയ ഹാജർ നിബന്ധന: വിഇഒമാർ സമരരംഗത്ത്
1466404
Monday, November 4, 2024 3:25 AM IST
സ്വന്തം ലേഖകൻ
കാസർഗോഡ്: തദ്ദേശസ്വയംഭരണ വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് പുതിയ ഹാജർ നിബന്ധന ഏർപ്പെടുത്തിയതിനെതിരെ ഉദ്യോഗസ്ഥർ സമരരംഗത്ത്.
ലൈഫ് മിഷൻ, പിഎംഎവൈ വീട് നിർമാണം, അറ്റകുറ്റപ്പണി, തൊഴിലുറപ്പ്, ഹരിതകർമസേന, ക്ഷേമപെൻഷൻ, ശുചിത്വം, ജലസംരക്ഷണം തുടങ്ങി എണ്ണമറ്റ പദ്ധതികളുടെ നിർവഹണ ചുമതല വഹിക്കുന്ന വിഇഒമാർ എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് മുമ്പാകെ നേരിട്ടെത്തി ഹാജർ രേഖപ്പെടുത്തണമെന്നാണ് പുതിയ നിബന്ധന.
ഫീൽഡ് തല പരിശോധനകൾക്കും മറ്റ് ഓഫീസുകളിൽ ഔദ്യോഗിക യോഗങ്ങൾക്കും പോകുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ഇതുവരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് വിഇഒമാർ പ്രവർത്തിച്ചിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകുന്ന ദിവസങ്ങളിൽ അവിടെയും മറ്റു ദിവസങ്ങളിൽ അതത് ഗ്രാമപഞ്ചായത്തിലെ വിഇഒ ഓഫീസിലുമാണ് ഇവർ ഹാജർ രേഖപ്പെടുത്തിയിരുന്നത്. പൊതുവേ ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽനിന്ന് മാറി മറ്റു സ്ഥലങ്ങളിലും കെട്ടിടങ്ങളിലുമാണ് വിഇഒ ഓഫീസുകൾ സ്ഥിതിചെയ്യുന്നത്. ഓരോ ദിവസവും നടത്തുന്ന ഫീൽഡ്തല പരിശോധനകളുടെ ഡയറിയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് നല്കിയിരുന്നത്. നവംബർ ഒന്നുമുതൽ ഇതെല്ലാം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാറ്റണമെന്നാണ് സർക്കാരിന്റെ ഉത്തരവ്. എന്നാൽ ശമ്പളം മാത്രം തുടർന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ നിന്നായിരിക്കും.
ഇങ്ങനെയാണെങ്കിൽ വിഇഒമാരെ പൂർണമായും ഗ്രാമപഞ്ചായത്തിനു കീഴിലാക്കണമെന്നും നിർവഹണ ചുമതല ഒഴിവാക്കണമെന്നുമാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. നിലവിൽ വിഇഒമാരുടെ ശമ്പള വ്യവസ്ഥ ഗ്രാമപഞ്ചായത്തുകളിലെ എൽഡി ക്ലാർക്കിന് തുല്യമാണ്. ഫീൽഡ്തല പരിശോധനയ്ക്ക് പോകുന്നത് ജോലിയുടെ പ്രധാന ചുമതലയായതിനാൽ അതിന് പ്രത്യേകം യാത്രപ്പടിയും നല്കാറില്ല. എൽഡി ക്ലാർക്കിന്റെ ശമ്പള വ്യവസ്ഥയും സെക്രട്ടറിക്ക് തുല്യമായ ഉത്തരവാദിത്വവും ജോലിഭാരവും വഹിക്കേണ്ടിവരുന്നത് നീതീകരിക്കാനാകില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് ആസ്ഥാനങ്ങളിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്ഥലങ്ങളിൽ ഫീൽഡ്തല പരിശോധനകൾക്ക് പോകുമ്പോൾ അഞ്ചുമണിക്കുമുമ്പ് തിരികെയെത്തി ഹാജർ രേഖപ്പെടുത്തുകയെന്നത് അപ്രായോഗികമാണെന്നും അവർ പറയുന്നു.
പുതിയ ഉത്തരവ് പ്രകാരം വിഇഒമാരുടെ തസ്തികപ്പേരിൽനിന്ന് വില്ലേജ് എന്നത് ഒഴിവാക്കി എക്സ്റ്റൻഷൻ ഓഫീസർ എന്നുമാത്രം ആക്കിയിട്ടുണ്ട്. നേരത്തേ ഗ്രാമവികസനവകുപ്പിൽ ബ്ലോക്ക് ഓഫീസുകൾക്കു കീഴിൽ ഗ്രാമസേവകൻ എന്ന പേരിലുണ്ടായിരുന്ന തസ്തികയാണ് പിന്നീട് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായത്.
പേരിൽനിന്ന് വില്ലേജ് ഒഴിവാക്കുന്നത് റവന്യൂവകുപ്പിലെ വില്ലേജ് ഓഫീസറുമായുള്ള സാദൃശ്യം ഒഴിവാക്കാനാണെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. 1994 ൽ പഞ്ചായത്ത രാജ് നിയമം നടപ്പാക്കിയപ്പോഴാണ് ആരോഗ്യം, കൃഷി തുടങ്ങിയ വകുപ്പുകളിലെ സ്ഥാപനങ്ങൾക്കൊപ്പം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസുകളെയും പഞ്ചായത്തുകൾക്ക് കീഴിലാക്കിയത്. ഗ്രാമവികസനവകുപ്പും പഞ്ചായത്തുകളുമായി ബന്ധപ്പെട്ട ഒട്ടനവധി പദ്ധതികളുടെ നിർവഹണ ചുമതല ഉണ്ടെങ്കിലും എല്ലാ ജോലികളും ഒരാൾ ഒറ്റയ്ക്കു ചെയ്യേണ്ട അവസ്ഥയാണ് ഈ ഓഫീസുകളിലുള്ളത്. ഇതിനെല്ലാം പുറമേ ഹാജർ രേഖപ്പെടുത്താനും ഫീൽഡിൽ പോകുന്നതിന് അനുമതി വാങ്ങാനും എല്ലാദിവസവും പഞ്ചായത്ത് ഓഫീസിൽ പോകേണ്ടിവന്നാൽ അത് ഓഫീസ് പ്രവർത്തനങ്ങളെ താളംതെറ്റിക്കുമെന്ന് ഇവർ പറയുന്നു.
എന്നാൽ ഇതോടൊപ്പം പദ്ധതികളുടെ നിർവഹണ ചുമതല കൂടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് കൈമാറിയാൽ അമിതമായ ഉത്തരവാദിത്വങ്ങളുടെ ഭാരമില്ലാതെ സെക്രട്ടറിമാർക്കുകീഴിൽ ജോലിചെയ്യാൻ തങ്ങൾ സന്നദ്ധമാണെന്നും അവർ പറയുന്നു.