‘ഷി ടേണ്‍ 24’ വീട്ടമ്മമാര്‍ക്ക് നൈപുണ്യ പരിശീലനം ആരംഭിച്ചു
1466398
Monday, November 4, 2024 3:24 AM IST
കാഞ്ഞങ്ങാട്: കേരള നോളജ് ഇക്കോണമി മിഷനും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും കുടുംബശ്രീയുമായി ചേര്‍ന്ന് അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കായി നടത്തുന്ന നൈപുണ്യ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തിൻരെ 2024-25 വാര്‍ഷിക പദ്ധതിയിലെ വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൊഴിലരങ്ങത്തേക്ക് - ഷി ടേണ്‍ 24 എന്ന പേരില്‍ പരിശീലന പരിപാടി നടത്തുന്നത്. ആറു മാസമാണ് കോഴ്സ് കാലാവധി. കേരള സ്റ്റേറ്റ് റൂട്രോണിക്സിനു കീഴില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ വേര്‍ഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്ന കോഴ്സിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം ലഭിക്കുക.
ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന അഞ്ചു പഞ്ചായത്തുകളില്‍ നിന്നായി 50 വനിതകളെയാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രസിഡന്റ് കെ. മണികണ്ഠന് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ എം.കെ. വിജയന്, കെ. സീത, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ബാബുരാജ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്, എഡിഎംസി സി.എച്ച്. ഇക്ബാല്‍, കേരള നോളജ് ഇക്കോണമി മിഷന് പ്രോഗ്രാം മാനേജര്‍ വി.എസ്. ഹരികൃഷ്ണന്, റൂട്രോണിക്സ് പ്രോഗ്രാം മാനേജര്‍ പി. ബിനു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഹരികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.