ആടുവസന്ത; ജില്ലയിൽ പ്രതിരോധ കുത്തിവയ്പ് പുരോഗമിക്കുന്നു
1466399
Monday, November 4, 2024 3:24 AM IST
കാസര്‍ഗോഡ്: ആട് വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് കനത്ത സാമ്പത്തികനഷ്ടം വരുത്തിവെക്കുന്ന ആടുവസന്ത രോഗത്തെ തുടച്ചുനീക്കാന്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പ്രതിരോധ കുത്തിവയ്പ് യജ്ഞം ജില്ലയില്‍ പുരോഗമിക്കുന്നു. പ്രതിരോധ കുത്തിവെയ്പ് പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി പഞ്ചായത്തുകളില്‍ പ്രത്യേകം സ്ക്വാഡുകള്‍ രൂപികരിച്ചിട്ടുണ്ട്. നവംബര്‍ അഞ്ച് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ കര്‍ഷകരുടെ വീടുകളില്‍ എത്തുന്ന വാക്സിനേഷന് സ്ക്വാഡ് സൗജന്യമായാണ് ആടുകള്‍ക്ക് വാക്സിനുകള്‍ നല്‍കുന്നത്.
ആടുകളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആട് വസന്ത. വൈറസുകള്‍ മൂലമുണ്ടാകുന്ന ഈ രോഗം കേരളത്തില്‍ പലപ്പോഴും പൊട്ടിപ്പുറപ്പെടാറുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള രോഗാഹകരായ ആടുകളുടെ ഇറക്കുമതിയാണ് കേരളത്തില്‍ രോഗം വ്യാപകമാവുന്നതിന്റെ മുഖ്യകാരണം.
ആടുകള്‍ക്ക് കൃത്യമായി പ്രതിരോധ കുത്തിവെയ്പ് എടുക്കുന്നതില്‍ കര്‍ഷകര്‍ക്കുള്ള വിമുഖതയും രോഗവ്യാപനത്തിന് വഴിയൊരുക്കുന്നു. ഏത് ഇനത്തിലും പ്രായത്തിലുംപ്പെട്ട ആടുകളെയും രോഗം ബാധിക്കുമെങ്കിലും നാല് മാസത്തിനും രണ്ട് വയസിനും ഇടയിലുള്ളവയിലാണ് രോഗസാധ്യതയും മരണനിരക്കും കൂടുതല്‍. ഉണ്ടാകുന്നത്. രോഗം ബാധിച്ച ആടുകള്‍ വിസര്‍ജ്യങ്ങളിലൂടെയും ശരീര സ്രവങ്ങളിലൂടെയും രോഗാണുക്കളെ ധാരാളമായി പുറന്തള്ളും. രോഗബാധയേറ്റ ആടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം ഉണ്ടാകും.
വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതി തീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണനിരക്ക് 85 മുതല്‍ 90 ശതമാനം വരെ ഉയരുന്നതുമാണ്. വൈറസ് രോഗമായതിനാല്‍ ചികിത്സകള്‍ അത്രത്തോളം ഫലപ്രദവുമല്ല.
ആടുവസന്ത പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. വരുംവര്‍ഷങ്ങളിലും പ്രതിരോധ കുത്തിവെപ്പ് പരിപാടി നടപ്പിലാക്കി രണ്ടായിരത്തി മുപ്പതോടുകൂടി രോഗത്തെ തുടച്ചുനീക്കുകയാണ് ലക്ഷ്യം. ആടുകള്‍ക്ക് നാലുമാസമോ അതിന് മുകളിലോ പ്രായമെത്തുമ്പോള്‍ ആടുവസന്ത തടയാനുള്ള വാക്സിൻ നല്‍കാം. ഗര്‍ഭിണി ആടുകളെ വാക്സിന് നല്കുന്നതില് നിന്ന് ഒഴിവാക്കാം. കര്‍ഷകര്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ആടുവസന്തയെ പ്രതിരോധിക്കാനുള്ള ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.