ഇടിമിന്നലില്‍ എരിഞ്ഞടങ്ങി ജീവിതസമ്പാദ്യം; ജീവന് തിരികെ കിട്ടിയ ആശ്വാസത്തില്‍ റോയിയും കുടുംബവും
1466816
Tuesday, November 5, 2024 8:49 AM IST
സ്വന്തം ലേഖകന്‍
കാസര്‍ഗോഡ്: "ഞായറാഴ്ച രാത്രി ഞാനും ഭാര്യയും മകളും വീട്ടില്‍ ചായകുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുറത്ത് ചാറ്റല്‍മഴയും ചെറിയ തോതിലുള്ള ഇടിമുഴക്കവും മാത്രമേയുണ്ടായിരുന്നുള്ളു. 7.15ഓടെയാണ് ആ ദുരന്തമുണ്ടായത്...' കേരള-കര്‍ണാടക അതിര്‍ത്തിമേഖലയായ പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ മുത്താജ് സ്വദേശിയായ ഇടക്കരമൈലയ്ക്കല് റോയി ജോസഫും (52) ഭാര്യ ഷൈജയും (50) മകള്‍ അല്‍കയും (19) ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ല. "ബോംബ് പൊട്ടുന്നതുപോലെ ഒരു ശബ്ദം കേട്ടു. ഞങ്ങളിരുന്ന മുറിയിലെ മെയിന്‍ സ്വിച്ച് പൊട്ടിത്തെറിച്ചു.
വീടിനുള്ളിലെ കോണ്‍ക്രീറ്റ് പൊട്ടിത്തെറിക്കുകയും ചുവരുകള്‍ വിണ്ടുകീറുകയും ചെയ്തു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ശരീരത്തില്‍ മണല്‍ത്തരികള്‍ തുളഞ്ഞുകയറി. ഇടിവെട്ടിയതിന്റെ ഉഗ്രശബ്ദം മൂലം ഞങ്ങളുടെയെല്ലാം ചെവിയടഞ്ഞുപോയി. മുറിയിലാകെ തീയും പുകയും. പ്ലാസ്റ്റിക്ക് കത്തിയതിന്റെ ദുര്‍ഗന്ധം കാരണം ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടായി. മരിച്ചെന്നാണ് കരുതിയത്. അങ്ങനെ സംഭവിച്ചാല്‍ ഞങ്ങളുടെ മക്കള്‍ക്ക് ആരുണ്ടെന്നാണ് ചിന്തിച്ചത്'.
റോയി-ഷൈജ ദമ്പതികളുടെ മൂത്തമകള്‍ അഹന മരിയറ്റ് മംഗളൂരുവില്‍ നഴ്സാണ്. ഇളയമകന് ആകാശ് കോഴിക്കോട് പ്ലസ് വണ്ണിന് പഠിക്കുന്നു. "ഞങ്ങള്‍ മൂവരും പരസ്പരം നോക്കി, കൈകള്‍ ചലിക്കുന്നതുകണ്ടപ്പോഴാണ് ജീവിച്ചിരിപ്പുണ്ടെന്ന കാര്യം ബോധ്യപ്പെട്ടത്. മൂന്നുപേരും ചെരിപ്പ് ഇട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടാകാം രക്ഷപ്പെട്ടത്.'-റോയി പറഞ്ഞു.
എന്നാല്‍, സാധാരണ കര്‍ഷകനായ റോയിയുടെ ഇത്രയും കാലത്തെ ജീവിതസമ്പാദ്യം ഒരൊറ്റ നിമിഷത്തെ ഇടിമിന്നലില്‍ എരിഞ്ഞടങ്ങി. പറമ്പ് നനയ്ക്കാനുള്ള രണ്ടു വൈദ്യുത മോട്ടറുകള്‍, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ ഷീറ്റ് അടിക്കുന്ന മെഷീന്, വീടിനുള്ളിലെ ടിവി, ഫ്രിഡ്ജ്, ഗ്രൈന്‍ഡര്‍, അഞ്ചു ഫാനുകള്‍ എല്ലാം നശിച്ചു. വീടിന്റെ വയറിംഗ് പൂര്‍ണമായും കത്തിനശിച്ചു. വൈദ്യുതത്തൂണില്‍ നിന്നുള്ള സര്‍വീസ് വയര്‍ പോലും പൊട്ടിത്തെറിച്ചു ചെറുകഷ്ണങ്ങളായി വീട്ടുമുറ്റത്ത് ചിതറിക്കിടക്കുകയാണ്.
പാലായില്‍ നിന്ന് പനത്തടിയിലേക്ക് കുടിയേറിയവരാണ് റോയിയുടെ കുടുംബക്കാര്. 15 വര്‍ഷം മുമ്പാണ് റോയി പൈവളിഗെയില്‍ വീടും സ്ഥലവും വാങ്ങി താമസം ആരംഭിക്കുന്നത്. നാലര ഏക്കര്‍ സ്ഥലത്തെ റബര്‍, കമുക് കൃഷിയില്‍ നിന്നുള്ള വരുമാനമാണ് ഈ കുടുംബത്തിന്റെ ഉപജീവനമാര്‍ഗം. 'അത്യാവശ്യം പഴക്കമുള്ള വീടാണിത്. വീടിന്റെ ഉള്‍ഭാഗം മാത്രമേ തേപ്പ് നടത്തിയിട്ടുള്ളു. മേല്‍ക്കൂര ഓട് മേഞ്ഞതും ആസ്ബറ്റോസ് ഷീറ്റിട്ടതുമാണ്. ഷീറ്റിന്റെ കുറേഭാഗം ഇടിമിന്നലില്‍ തകര്‍ന്നു. ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഇനി എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണം.'-റോയി പറഞ്ഞു.