എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുക ആര്‍എസ്എസ് രീതി: തുഷാര്‍ ഗാന്ധി
1465715
Friday, November 1, 2024 7:34 AM IST
പെരിയ: കൊലപാതകത്തില്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ് ആര്‍എസ്എസിന്റേതെന്നും തങ്ങളെ എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുകയാണ് അവരുടെ രീതിയെന്നും മഹാത്മാ ഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി. ചാലിങ്കാല്‍ ജിഎല്‍പി സ്കൂളില്‍ സ്വാതന്ത്ര്യസമരസേനാനി ഗാന്ധി കൃഷ്ണന് നായരുടെ അര്‍ധകായപ്രതിമ അനാച്ഛാദനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ കൊലപ്പെടുത്താന്‍ കാഞ്ചിവലിച്ചത് ഗോഡ്സെയാണെങ്കിലും തോക്ക് നല്‍കിയത് ആര്‍എസ്എസും സവര്‍ക്കറുമാണ്. വര്‍ത്തമാനകാലത്തും അവര്‍ കൊലപാതകം തുടരുകയാണ്. ധബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷുമെല്ലാം അവരുടെ തോക്കിനിരയായി.
ആര്‍എസ്എസ് ആശയങ്ങളെയും പ്രവൃത്തികളെയും എതിര്‍ക്കുന്നവര്‍ ഇന്നു വധഭീഷണി നേരിടുന്നു. വിദേശത്തു ചെല്ലുമ്പോള്‍ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ വണങ്ങുന്ന പ്രധാനമന്ത്രി നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പാര്‍ലമെന്റില്‍ പോലും ഗാന്ധിജി അപമാനിക്കപ്പെടുമ്പോള്‍ മൗനം പാലിക്കുകയാണ്.
രാജ്യത്തിന്റെ ആത്മാവ് തന്നെ മരിച്ചുകൊണ്ടിരിക്കുകയാണ്. ഗാന്ധിജിയെ രാഷ്ട്രപിതാവായി അംഗീകരിക്കുന്ന നാം ഓരോരുത്തരും അദ്ദേഹത്തിന്റെ പിന്‍ഗാമികളാണ്.
വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വക്താക്കളില്‍ നിന്നും രാജ്യത്തെ വീണ്ടെടുക്കാനും സംരക്ഷിക്കാനും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സാധാരണ ഇന്ത്യക്കാരന്റെ പോരാട്ടം മാതൃകയാക്കി നാം ഓരോരുത്തരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്, എ. ഗോവിന്ദന് നായര്‍, പ്രമോദ് പുറവങ്കര, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ കെ. സീത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കാര്‍ത്യായനി, സ്ഥിരംസമിതി അധ്യക്ഷരായ ചന്ദ്രന് കരിച്ചേരി, ഷാഹിദ റാഷിദ്, സുമ കുഞ്ഞികൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. ബാബുരാജ്, പഞ്ചായത്ത് അംഗങ്ങളായ ടി.വി. കരിയന്‍, കെ. ഷീബ, പി. പ്രീതി, മുഖ്യാധ്യാപിക പി. സുചേത, വിജയകുമാര്‍ കളിയങ്ങാനം എന്നിവര്‍ പ്രസംഗിച്ചു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന് സ്വാതവും പി.കെ. പ്രേമരാജന്‍ നന്ദിയും പറഞ്ഞു.