അമൃത് ഭാരത് രണ്ടാം ഘട്ടം: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനെ ഉൾപ്പെടുത്തിയതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി
1466244
Sunday, November 3, 2024 7:27 AM IST
കാഞ്ഞങ്ങാട്: റെയിൽവേയുടെ 2024 -25 വർഷത്തെ അംബ്രെല്ല പദ്ധതിയിലും അമൃത് ഭാരത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലും ഉൾപ്പെടുത്തി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾക്ക് അനുമതിയായതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു.
റെയിൽവേ സ്റ്റേഷൻ റോഡ് വീതികൂട്ടി നവീകരിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് 4.17 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് പുതിയ പാർക്കിംഗ് കേന്ദ്രത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്.
രണ്ട് പ്ലാറ്റ്ഫോമുകളിലും മേൽക്കൂര നിർമിക്കുന്നതിന് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കും. ആറു മീറ്റർ വീതിയുള്ള പുതിയ മേൽ നടപ്പാലം നിർമിക്കാനും നിർദേശമുണ്ട്. ഒന്നാം പ്ലാറ്റ്ഫോമിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ റെസ്റ്റോറന്റുകൾ സ്ഥാപിക്കുന്നതിന് ഉടൻ ടെൻഡർ വിളിക്കും.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്നതോടെ റിസർവ്ഡ്, അൺ-റിസർവ്ഡ് ടിക്കറ്റുകൾക്കുള്ള സൗകര്യം വർധിപ്പിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥിരം ആർപിഎഫ് ബൂത്ത് സ്ഥാപിക്കണമെന്ന നിർദ്ദേശം പരിഗണിക്കും.
വിവിധ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്നതിനും മറ്റുള്ളവയ്ക്ക് പുതുതായി സ്റ്റോപ്പുകൾ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കും. കാഞ്ഞങ്ങാട് - കാണിയൂർ റെയിൽപാത അടക്കമുള്ള ദീർഘകാല ആവശ്യങ്ങളിലും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എംപി അറിയിച്ചു.