വെസ്റ്റ് എളേരി പഞ്ചായത്ത് ബജറ്റ്
1279914
Wednesday, March 22, 2023 1:18 AM IST
ഭീമനടി: അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് മുഖ്യ പ്രാധാന്യം നല്കി വെസ്റ്റ് എളേരി പഞ്ചായത്ത് ബജറ്റ്. 32,88,24,292 രൂപ വരവും 32,56,40,500 രൂപ ചെലവും 31,83,792 രൂപ മിച്ചവും വരുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായില്‍ അവതരിപ്പിച്ചത്. റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമായി 5,24,05,000 രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
ഭവന പുനരുദ്ധാരണ പദ്ധതികളോടൊപ്പം ലൈഫ്ഭവന പദ്ധതിയിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഉറപ്പാക്കുന്നതിനായി 6,27,98,000 രൂപ ഫണ്ട് പാര്‍പ്പിട മേഖലയില്‍ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ ദാരിദ്ര്യലഘൂകരണവും അടിസ്ഥാന ആരോഗ്യ സൗകര്യ കൃഷി വിദ്യാഭ്യാസ മേഖലകളിലെ ഉന്നമനം സമഗ്ര വികസനവും ബജറ്റില്‍ ലക്ഷ്യമിടുന്നു.
ദാരിദ്ര്യ ലഘൂകരണം, സ്ത്രീശാക്തീകരണം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനം, തുടങ്ങിയ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ പാകത്തിലുള്ള വിധം ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
ശിശുക്കള്‍, വയോധികര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പിലായ രോഗികള്‍ക്കായുള്ള പാലിയേറ്റീവ് കെയര്‍ പരിപാടി എന്നിവയ്ക്കായി ഈ ബജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ട്. കൃഷി മൃഗസംരക്ഷണം എന്നീ മേഖലകളില്‍ ഏര്‍പ്പെട്ട് ഉപജീവനം കഴിക്കുന്നവരുടെ തൊഴിലും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന് അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. കെ. തങ്കച്ചന്, മോളിക്കുട്ടി പോള്‍, വാര്‍ഡ് മെംബര്‍മാരായ ടി.വി. രാജീവന്, റൈഹാനത്ത്, ടി.ജെ. ജയിംസ്, എം.വി. ലിജിന, എം.വി. പ്രമോദ്, സി.പി. സുരേശന്, ഇ.ടി. ജോസ്, ലില്ലിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി കെ. പങ്കജാക്ഷന് സ്വാഗതം പറഞ്ഞു.