പൂഴിത്തോട് റോഡ്: സാധ്യമായ ഇടപെടൽ നടത്തുമെന്ന് പ്രിയങ്ക ഗാന്ധി
1591269
Saturday, September 13, 2025 5:05 AM IST
കൽപ്പറ്റ: വയനാടിനെ കോഴിക്കോടുമായി ചുരമില്ലാതെ ബന്ധിപ്പിക്കുന്ന നിർദിഷ്ട പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിൽ കുറ്റ്യാംവയൽ മുതൽ താണ്ടിയോട് വരെ മൂന്നു കിലോമീറ്റർ ഭാഗത്ത് പ്രിയങ്ക ഗാന്ധി എംപി സന്ദർശനം നടത്തി.
ഇന്നലെ രാവിലെ പതിനൊന്നരയോടെ കുറ്റ്യാംവയലിൽ എത്തിയ എംപി കാറിലാണ് താണ്ടിയോടിലേക്കും തിരിച്ചും സഞ്ചരിച്ചത്. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ, പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് കർമ സമിതി ഭാരവാഹികളായ ശകുന്തള ഷണ്മുഖൻ, ഒ.ജെ. ജോണ്സണ്, സാജൻ തുണ്ടിയിൽ, ബെന്നി മാണിക്കോത്ത് എന്നിവർ എംപിയെ അനുഗമിച്ചു.
പൂഴിത്തോട് ബദൽ റോഡ് നിർമാണം പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും കോഴിക്കോട്-പുറക്കാട്ടിരി-മാനന്തവാടി-കുട്ട-മൈസൂരു ഗ്രീൻ ഫീൽഡ് ഹൈവേയുടെ സാധ്യതയും എംഎൽഎയും കർമസമിതി ഭാരവാഹികളും പ്രിയങ്ക ഗാന്ധിയോട് വിശദികീരിച്ചു.
നേരത്തേ താന്നിപ്പാറ, വട്ടം, താണ്ടിയോട്, കരിങ്കണി എസ്റ്റേറ്റുകളിലൂടെ റോഡ് ഉണ്ടായിരുന്ന ഭാഗം റിസർവ് വനമായി ചിത്രീകരിച്ചാണ് റോഡ് പദ്ധതിക്ക് തടസം ഉണ്ടാക്കിയതെന്നു കർമസമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. മടക്കയാത്രയിൽ കുറ്റ്യാംവയൽ പള്ളിക്കടുത്ത് കർമ സമിതിയുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ച സ്ഥലത്തും എംപി എത്തി. ബദൽ റോഡ് യാഥാർഥ്യമാക്കുന്നതിന് സാധ്യമായ ഇടപെടൽ നടത്തുമെന്ന് അവർ പ്രദേശവാസികൾക്ക് ഉറപ്പുനൽകി.
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് പദ്ധതിക്ക് 1994ൽ ഭരണാനുമതി ലഭിച്ചതാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയായില്ല. പടിഞ്ഞാറത്തറയ്ക്കും പൂഴിത്തോടിനുമിടയിൽ ഏഴ് കിലോമീറ്റർ വനത്തിലൂടെ റോഡ് നിർമിക്കുന്നതിന് അനുമതി ലഭിക്കാത്തതാണ് പദ്ധതി യാഥാർഥ്യമാകുന്നതിന് മുഖ്യതടസം. 70 ശതമാനം റോഡ് പ്രവൃത്തി ഇതിനകം നടത്തിയതാണ്.
വയനാട് ഭാഗത്ത് നാലരയും കോഴിക്കോട് ഭാഗത്ത് രണ്ടരയും കിലോമീറ്ററാണ് വനത്തിലൂടെ റോഡ് നിർമിക്കേണ്ടത്. 27.225 കിലോമീറ്ററാണ് ബദൽ പാതയുടെ ആകെ ദൂരം. ഇതിൽ 18 കിലോമീറ്റർ വയനാട് ഭാഗത്തും ബാക്കി കോഴിക്കോട് ജില്ലയിലുമാണ്. 23 ഹെക്ടർ വനമാണ് ബദൽ പാതയ്ക്ക് പ്രയോജനപ്പെടുത്തേണ്ടത്.
ഇതിനു പകരം തരിയോട് വില്ലേജിൽ 15 ഉം കാഞ്ഞിരങ്ങാട് വില്ലേജിൽ 33 ഉം പടിഞ്ഞാറത്തറ വില്ലേജിൽ 4.75 ഉം ചക്കിട്ടപ്പാറ, ചങ്ങരോത്ത് വില്ലേജുകളിൽ 52 ഉം ഏക്കർ ഭൂമി വനം വകുപ്പിന് കൈമാറിയതാണ്. 12 മീറ്റർ വീതിയിൽ റോഡ് പണിയുന്നതിന് പടിഞ്ഞാറത്തറ ഭാഗത്ത് 153 ഉം പൂഴിത്തോട് ഭാഗത്ത് 30 ഉം കുടുംബങ്ങൾ ഭൂമി വിട്ടുകൊടുത്തിരുന്നു.
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് ഇൻവസ്റ്റിഗേഷന് സർക്കാർ 1.5 കോടി രൂപ അനുവദിച്ചിരുന്നു. റോഡിൽ കോഴിക്കോട് ജില്ലാ പരിധിയിൽ ഇൻവെസ്റ്റിഗേഷൻ വ്യാഴാഴ്ചയാണ് പൂർത്തിയായത്. വയനാട് ഭാഗത്ത് ഇത് നേരത്തേ നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു എംപിയുടെ സന്ദർശനം.
പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിർമാണം പൂർത്തിയാക്കുന്നതിനുള്ള തടസങ്ങൾ നീക്കണമെന്ന ആവശ്യവുമായി ജനകീയ കർമ സമിതി 2023 ജനുവരി ഒന്നിന് പടിഞ്ഞാറത്തറയിൽ ആരംഭിച്ച റിലേ സത്യഗ്രഹം തുടരുകയാണ്.