ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാക്കുറിപ്പ്: ഉള്ളടക്കം വെളിപ്പെടുത്താതെ പോലീസ്
1591267
Saturday, September 13, 2025 5:05 AM IST
പുൽപ്പള്ളി: ജീവനൊടുക്കിയ മുള്ളൻകൊല്ലി പഞ്ചായത്ത് ഭരണസമിതിയംഗം ജോസ് നെല്ലേടത്തിന്റെ ആത്മഹത്യാക്കുറിപ്പിലെ ഉള്ളടക്കം വെളിപ്പെടുത്താതെ പോലീസ്. ഇന്നലെ രാവിലെ ജോസിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. മൂന്നു പേജുള്ളതാണ് കുറിപ്പെന്നാണ് വിവരം.
ഇതിൽ പറയുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പോലീസ് പ്രതികരിച്ചില്ല. അതിനിടെ, ജോസ് നെല്ലേടത്തിന്റെ മരണത്തിൽ പ്രിയങ്ക ഗാന്ധി എംപി നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആവശ്യപ്പെട്ടു. ജില്ലയിൽ ഉണ്ടായിട്ടും ജോസിന്റെ വീട്ടിൽ പ്രിയങ്ക ഇന്നലെ എത്തിയിരുന്നില്ല.
ജോസിന്റെ ആത്മഹത്യയിൽ സിപിഎമ്മിനെ കോണ്ഗ്രസ് നേതാക്കളിൽ ചിലർ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരിക്കല്ലൂരിൽ സിപിഎം പ്രകടനം നടത്തിയിരുന്നു. കോണ്ഗ്രസ് മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് പ്രസിഡന്റ് കാനാട്ടുമലയിൽ തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയവർക്കെതിരേ നിയമ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രകടനം.