ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗിന് ആവേശത്തുടക്കം
1591298
Saturday, September 13, 2025 5:54 AM IST
കല്‍പ്പറ്റ: കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വയനാട് പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന അദാനി ടിവാന്‍ഡ്രം റോയല്‍സ് ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് (ജെസിഎല്‍ 2025) മൂന്നാം സീസണിന് ആവേശത്തുടക്കം.
ആദ്യ ദിവസം നടന്ന ഗ്രൂപ്പ് റൗണ്ടിൽ രണ്ട് മത്സരവും ജയിച്ച് പാലക്കാട് നോക്കൗട്ട് റൗണ്ടിലെത്തി. വയനാട്, ഇടുക്കി കളികളും ഓരോ ജയവുമായി നോക്കൗട്ട് പ്രതീക്ഷ നിലനിർത്തി. നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാൻ കോഴിക്കോട്, തിരുവനന്തപുരം, കാസർകോട്, ആലപ്പുഴ, കോട്ടയം, കണ്ണൂർ, മലപ്പുറം ടീമുകൾ ഇന്ന് കളത്തിലിറങ്ങും. തൃശൂർ പുറത്തായി.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് വയനാട് മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്. സെലിബ്രിറ്റി മാച്ചിൽ മ്യൂസിക് ഹീറോസിനെതിരേ മീഡിയ ടീം വിജയിച്ചു.
കേരളത്തിലെ വിവിധ പ്രസ് ക്ലബ് ടീമുകള്‍ക്ക് ഒപ്പം കേരള പത്ര പ്രവര്‍ത്തക യൂണിയന് സംസ്ഥാന ടീം, കേരള സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് അസോസിയേഷന് ടീം ഉള്‍പ്പെടെ നാലു ടീമുകളും പങ്കെടുക്കും. മൂന്നൂറിലധികം മാധ്യമപ്രവര്‍ത്തകര്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും. ടൂര്ണമെന്റിനോട് അനുബന്ധിച്ച് സെലിബ്രിറ്റി ടീമുകള്‍ പങ്കെടുക്കുന്ന മല്‍സരങ്ങളും നടക്കും.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എംപി നിര്‍വഹിക്കും. കായിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് മെഗാ മ്യൂസിക്കല്‍ ഇവന്റും നടക്കും. സമാപന ചടങ്ങും സമ്മാനവിതരണവും 14 ന് വൈകിട്ട് 5ന് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കും. ജെസിഎല്‍ ആദ്യമായാണ് വയനാട്ടില്‍ സംഘടിപ്പിക്കുന്നത്.