‘പാർട്ടിക്കെന്തുപോകാൻ, ആ കുടുംബത്തിനു പോയി’
1591268
Saturday, September 13, 2025 5:05 AM IST
കൽപ്പറ്റ: ‘പാർട്ടിക്കെന്തുപോകാൻ, ആ കുടുംബത്തിനു പോയി’. മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് മെംബർ നെല്ലേടം ജോസിന്റെ മരണത്തെക്കുറിച്ചു ചോദ്യത്തിനു പുൽപ്പള്ളി സ്വദേശിയായ കോണ്ഗ്രസ് പ്രവർത്തകന്റേതായിരുന്നു ഈ പ്രതികരണം.
കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയിൽ ദീർഘകാലമായി നിലനിൽക്കുന്ന ഗ്രൂപ്പ് പോരിന്റെ ഇരകളാണ് കള്ളക്കേസിൽ കുടുങ്ങി ജയിലിൽ കഴിയേണ്ടിവന്ന മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചനും ജീവനൊടുക്കിയ ജോസുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ഗൂഢാലോചനയിൽ ജോസിന് പങ്കുണ്ടെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു.
ജില്ലയിൽ കോണ്ഗ്രസ് ഗ്രൂപ്പിസം അതിശക്തമായ പഞ്ചായത്തുകളാണ് പുൽപ്പള്ളിയും മുള്ളൻകൊല്ലിയും. നാല് ഡിസിസി ജനറൽ സെക്രട്ടറിമാരും ഒരു കെപിസിസി നിർവാഹക സമിതിയംഗവും പുൽപ്പള്ളി-മുള്ളൻകൊല്ലി മേഖലയിലുണ്ട്.
സമീപകാലത്ത് വിവാദങ്ങളിൽ അകപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച വ്യക്തിയും പുൽപ്പള്ളി സ്വദേശിയാണ്. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കോണ്ഗ്രസ് രാഷ്ട്രീയത്തിൽ പുറമേനിന്നുള്ള കോണ്ഗ്രസ് നേതാക്കളുടെ ഇടപടെലും സജീവമാണ്. പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും വരുതിയിലാക്കി ഭിന്നചേരികളിൽ നിർത്തുന്നതിലും തമ്മിൽത്തല്ലിക്കുന്നതിലും ഇവർ ഒരളവോളം വിജയിക്കുന്നുമുണ്ട്.
ജൂലൈ 12ന് പാടിച്ചിറ സഹകരണ ബാങ്ക് ഹാളിൽ ചേർന്ന കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം വികസന സെമിനാറിൽ പാർട്ടി പ്രാദേശിക ഘടകത്തിലെ വിഭാഗീയത മറനീക്കിയിരുന്നു. സെമിനാറിൽ പങ്കെടുക്കാനെത്തിയ ഡിസിസി പ്രസിന്റിനുനേരേ കൈയേറ്റശ്രമം ഉണ്ടായി. സദസിൽനിന്നുയർന്ന ചില ചോദ്യങ്ങളിൽ പ്രകോപിതനായി ഡിസിസി പ്രസിഡന്റ് വേദിയിൽനിന്നു ഇറങ്ങി പ്രവർത്തകരിൽ ചിലരോട് കയർത്തതിനെത്തുടർന്നായിരുന്നു കൈയേറ്റ ശ്രമം.
ഇതിന്റെ തുടർച്ചയാണ് തങ്കച്ചനെതിരായ കള്ളക്കേസും ഇപ്പോൾ ജോസിന്റെ ആത്മഹത്യയുമെന്ന് അടക്കം പറയുന്ന കോണ്ഗ്രസ് പ്രവർത്തകർ മുള്ളൻകൊല്ലിയിലും പുറത്തും നിരവധിയാണ്. വിഷം അകത്തുചെന്നതിനെത്തുടർന്ന് 2024 ഡിസംബറിൽ വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയനും മകൻ ജിജേഷും മരണപ്പെട്ടിരുന്നു. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ടും കോണ്ഗ്രസ് നേതാക്കളിൽ ചിലർക്കെതിരേ ആരോപണം ഉയർന്നിരുന്നു.
പാർട്ടി പദ്ധതിയനുസരിച്ച് പ്രവർത്തിച്ചതുമൂലം ഉണ്ടായ കടം വീട്ടാൻ കഴിയാത്തതിലുള്ള മനോവിഷമമാണ് വിജയന്റെയും മകന്റെയും മരണത്തിന് വഴിയൊരുക്കിയത്. കടം പാർട്ടി വീട്ടണമെന്ന് വിജയൻ പലവട്ടം ആവശ്യപ്പെട്ടെങ്കിലും ജില്ലാ നേതൃത്വം ചെവി കൊടുത്തില്ല. കെപിസിസി നേതൃത്വത്തിനു നൽകിയ കത്തുകളും ഫലം കണ്ടില്ല. ഇതോടെ ഉണ്ടായ മാനസികത്തകർച്ചയാണ് ജീവനൊടുക്കാൻ പ്രേരണയായതെന്നായിരുന്നു വിജയന്റെ മരണശേഷം പുറത്തുവന്ന കുറിപ്പുകളിൽ.