കുടിയേറ്റമേഖലയിൽ പലിശ സംഘങ്ങൾ പിടിമുറുക്കുന്നു
1536086
Monday, March 24, 2025 6:10 AM IST
പുൽപ്പള്ളി: സാന്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ മേഖലയിൽ പലിശ സംഘങ്ങൾ പിടിമുറുക്കുന്നു. ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പണം കൊടുക്കുന്നവർ സജീവമായിരിക്കുന്നത്. മുൻകാലങ്ങളിൽ തമിഴ് പലിശക്കാരുണ്ടായിരുന്നെങ്കിലും അത്തരം സംഘങ്ങൾ മേഖല വിട്ടതോടെ ഇപ്പോൾ പ്രാദേശിക പണമിടപാട് സംഘങ്ങൾ സജീവമായിരിക്കുകയാണ്.
തോന്നിയ രീതിയിലാണ് ഇവർ കർഷകരിൽ നിന്നും സാധാരണക്കാരിൽ നിന്നും പലിശ വാങ്ങുന്നത്. കാർഷിക വിലത്തകർച്ചയും തൊഴിൽ നഷ്ടപ്പെട്ടവരുമെല്ലാമാണ് ഇത്തരം സംഘങ്ങൾക്ക് ഇരകളാകുന്നത്. ചികിത്സാസഹായത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി പലിശസംഘങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് സാധാരണക്കാർക്കുള്ളത്.
ബാങ്ക് ചെക്കുകളും മറ്റും വാങ്ങി സൂക്ഷിക്കരുതെന്ന നിയമം നിൽക്കുന്പോഴാണ് അതെല്ലാം ലംഘിച്ചുകൊണ്ട് പലിശ സംഘങ്ങൾ വിലസുന്നത്. നൂറിന് പത്ത് മുതൽ ഇരുപത് രൂപ വരെയാണ് പലിശ ഈടാക്കുന്നത്. എന്നാൽ ആവശ്യങ്ങൾക്ക് മുന്പിൽ അതിനും പലരും നിർബന്ധിരാകുകയാണ്. പണം തിരികെ ലഭിച്ചില്ലെങ്കിൽ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാണ്. പണം തിരികെ നൽകാത്തവരുടെ ഭൂമിയും എഴുതി വാങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്.
പരാതി നൽകാൻ പലരും തയാറാണെങ്കിലും സംഘങ്ങളുടെ ഭീഷണി ഭയന്ന് അതിന് മുതിരുന്നില്ല. യുവാക്കളാണ് കൂടുതലും ബ്ലേഡ് സംഘങ്ങളിലുള്ളത്. മിതമായ പലിശ ഈടാക്കി പണം നൽകുന്നതിനോട് ആർക്കും എതിർപ്പില്ലെങ്കിലും പലിശ സംഘങ്ങൾ അതിന് തയാറല്ല. മുന്പ് ഓപ്പറേഷൻ കുബേര പോലുള്ള പ്രത്യേക അന്വേഷണസംഘങ്ങൾ സജീവമായിരുന്ന ഘട്ടത്തിൽ ഇത്തരം പലിശ സംഘങ്ങൾ പുൽപ്പള്ളി മേഖലയിൽ കുറവായിരുന്നു. എന്നാൽ നടപടികളൊന്നുമില്ലാതായതോടെയാണ് ഇത്തരം സംഘങ്ങൾ വീണ്ടും പിടിമുറുക്കിയിരിക്കുന്നത്.