തൊഴിൽ അന്വേഷകരുടെ സംഗമം നടത്തി
1576289
Wednesday, July 16, 2025 8:24 AM IST
സുൽത്താൻ ബത്തേരി: ’ഓണത്തിന് ഒരു ലക്ഷം തൊഴിൽ’ എന്ന വിജ്ഞാന കേരളം കാന്പയിന്റെ ഭാഗമായി ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിൽ അന്വേഷകരുടെ സംഗമം നടത്തി. ട്രൈസം ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാർ ഉദ്ഘാടനം ചെയ്തു. വിജ്ഞാനകേരളം ജില്ലാ മിഷൻ കോഓർഡിനേറ്റർ സി.എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.എം. ബിജേഷ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.പി. ശിവദാസൻ, വിജ്ഞാനകേരളം അസിസ്റ്റന്റ് കോഓർഡിനേറ്റർ ആന്റോ ജോസഫ്, അസാപ് കോ ഓർഡിനേറ്റർ ഷഹന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലാഡിസ് സ്കറിയ, കില കോഓർഡിനേറ്റർ ശരത്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
തൊഴിൽ അന്വേഷകരെയും തൊഴിൽ ദാതാക്കളെയും നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്ന ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം(ഡിഡബ്യുഎംഎസ്) പോർട്ടലിന്റെ പ്രവർത്തനരീതി വിജ്ഞാനകേരളം കോഓർഡിനേറ്റർമാർ വിശദീകരിച്ചു.
18നും 59നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഗ്രൂപ്പ് ഡിസ്കഷൻ, മോക്ക് ഇന്റർവ്യൂ, തൊഴിലിടങ്ങളിലെ ആശയവിനിമയ വൈദഗ്ധ്യം,പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിംഗ, ഇംഗ്ലീഷ് സ്കോർ ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്, കരിയർ കൗണ്‍സലിംഗ് എന്നിവ പോർട്ടലിലൂടെ ലഭ്യമാക്കും.