കല്ലൂർ കല്ലുമുക്കിൽ കാട്ടാനശല്യം അതിരൂക്ഷം
1576288
Wednesday, July 16, 2025 8:24 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ കല്ലുമുക്കിലാണ് കാട്ടാനശല്യം അതിരൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ് ഏതാനും ആഴ്ചകളായി ഒരുദിവസംപോലും ഒഴിവില്ലാതെയാണ് കാട്ടാന ഇവിടെ ഇറങ്ങുന്നത്. സന്ധ്യമയങ്ങുന്പോഴേക്കും കാടിറങ്ങുന്ന കാട്ടാന മനുഷ്യജീവനും ഭീഷണിയാകുകയാണ്. കഴിഞ്ഞദിവസം പ്രദേശവാസിയ കടന്പക്കാട് സജിയുടെ മകൻ കാട്ടാനയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
വൈകുന്നേരം ഏഴോടെ കടയിൽ പോയിവരുകയായിരുന്ന സജിയുടെ മകൻ വീടിനുസമീപത്ത് വച്ചാണ് കാട്ടാനയുടെ മുന്നിൽപെട്ടത്. ആനവരുന്നത് കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞവർഷം കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട മാറോട് നിന്ന് എതാനും കിലോമീറ്ററുകൾ മാത്രം അകലെയാണ് കല്ലുമുക്ക് പ്രദേശം. ചക്കയും മാങ്ങയും തിന്നാനായാണ് കാട്ടാന എത്തുന്നത്. നിരന്തരം കാട്ടാന എത്തിട്ടും നടപടിയെടുക്കാത്തതിനാൽ കർഷകജനത പ്രതിഷേധത്തിലാണ്.
കാട്ടാനകൾ ജനവാസമേഖലയിൽ ഇറങ്ങുന്നത് തടയാൻ നടപടികൾ കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനായി ജാഗ്രതസമിതി വിളിക്കാൻ വനംവകുപ്പിനോട് പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കാട്ടാനശല്യത്തിന് പരിഹാരമായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നാണ് കർഷകർ നൽകുന്ന മുന്നറിയിപ്പ്.