നഞ്ച കൃഷിക്കൊരുങ്ങി മാനന്തവാടിയിലെ പാടശേഖരങ്ങൾ
1576290
Wednesday, July 16, 2025 8:24 AM IST
മാനന്തവാടി: ട്രാക്ടറും ടില്ലറുമുപയോഗിച്ച് നഞ്ച കൃഷിക്കായി പാടം ഉഴുതുമറിക്കുന്ന തിരക്കിലാണ് മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലുമുള്ള പാടശേഖരങ്ങളിലെ കർഷകർ. നിലമൊരുക്കിയ ശേഷം ഓഗസ്റ്റ് ആദ്യ വാരം മുതൽ വിതയും നാട്ടിയും ആരംഭിക്കും. ഒരാഴ്ച മുന്പ് മുതൽ
നിലമൊരുക്കൽ തുടങ്ങിയിരുന്നു.
ഇനിയും ഒട്ടേറെ വയലുകൾ ഒരുക്കാനുള്ളതിനാൽ കർഷക ത്തൊഴിലാളികളും തിരക്കിലാണ്. മാനന്തവാടിയിലെ വിശാലമായ പാടശേഖരങ്ങളിൽ ചിലതായ വേമം, കൊയിലേരി, ആറാട്ടുതറ എന്നിവിടങ്ങളിലെല്ലാം നിലമൊരുക്കൽ തകൃതിയായി നടക്കുന്നുണ്ട്.
നിലം ഉഴുതുമറിക്കുന്പോൾ കൊറ്റികൾ കൂട്ടംകൂടി ഇര തേടുന്നത് സീസണിലെ സാധാരണ കാഴ്ചയാണ്. ആയിരം കണ്ണി, ആതിര, കുള്ളൻ ആതിര, പവിഴം, ഉമ തുടങ്ങിയ വിത്തിനങ്ങളെല്ലാം കർഷകർ കൃഷിക്കുപയോഗിക്കുന്നുണ്ട്.
ചിലവേറിയതിനാൽ ഞാറു പറിച്ചു നടന്നതിന് പകരം നേരിട്ടുള്ള വിത പിന്തുടരുന്നവരുമുണ്ട്. ലാഭനഷ്ടങ്ങൾ നോക്കാതെ മുടങ്ങാതെ എല്ലാ വർഷവും കൃഷിയിറക്കുന്നവരാണ് ഈ ഭാഗങ്ങളിലെ നെൽകർഷകർ.