കോ-ഓർഡിനേറ്റർ നിയമനം: ഹരിതകർമസേനാംഗങ്ങളെ അവഗണിച്ചതായി പരാതി
1454370
Thursday, September 19, 2024 5:41 AM IST
കൽപ്പറ്റ: ഹരിതകർമസേന കോ ഓർഡിനേറ്റർ നിയമനത്തിൽ കുടുംബശ്രീ-ഹരിതകർമസേന പ്രവർത്തരെ അവഗണിച്ചതായി പരാതി. യോഗ്യരായ ഹരിതകർമസേന പ്രവർത്തകരിൽനിന്ന് കോ ഓർഡിനേറ്റർമാരെ നിയമിക്കുന്നതിനു പകരം പിജിയും 40 വയസിൽ താഴെ പ്രായവും ഉള്ള ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെ പരിഗണിക്കുന്നതാണ് പരാതിക്ക് ഇടയാക്കിയത്.
ഹരിതകർമസേന കോ ഓർഡിനേറ്റർമാരുടെ ഒഴിവുകൾ നികത്തുന്നതിനു ഓഗസ്റ്റ് 30 മുതലാണ് അപേക്ഷ ക്ഷണിച്ചത്. സജീവ കുടുംബശ്രീ പ്രവർത്തകരിൽ പലരും 40 വയസിനു മുകളിൽ പ്രായമുള്ളവരാണ്.
കുടുംബശ്രീയിലെ ഒഴിവുകൾ പരമാവധി യോഗ്യതയുള്ള സജീവ പ്രവർത്തകർക്ക് നൽകണമെന്ന നയം കോ ഓർഡിനേറ്റർ നിയമനത്തിൽ കാറ്റിൽ പറത്തുകയാണെന്നു കുറ്റപ്പെടുത്തുന്നവർ നിരവധിയാണ്.
ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിൽ നിയമനത്തിന് പത്താം ക്ലാസ് വിജയവും പത്തുവർഷം പ്രവർത്തനപരിചയവും 50 വയസിൽ താഴെ പ്രായവുമുള്ള അങ്കണവാടി വർക്കർമാരെയാണ് പരിഗണിക്കുന്നത്. സ്ത്രീപക്ഷ പ്രോജക്ടുകളിൽ സർക്കാരിന്റെ വിവിധ നയങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഹരിതകർമസേനാംഗങ്ങൾ പറയുന്നു.
വീടുകൾ കയറി അജൈവ മാലിന്യവുംയൂസർ ഫീസും ശേഖരിക്കുകയും ദുരന്തമുഖങ്ങളിൽ ഉൗണും ഉറക്കവും മറന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ഹരിതകർമസേനാംഗങ്ങളെ അംഗീകരിക്കുന്നതിനു പകരം തരംതാഴ്ത്തുന്നതിന് തുല്യമാണ് സർക്കാരിന്റെ നയമെന്നു അവർ ചൂണ്ടിക്കാട്ടുന്നു.
ഹരിതകർമസേനാംഗങ്ങളിൽനിന്നു കോ ഓർഡിനേറ്റർമാരെ തെരഞ്ഞെടുക്കണമെന്നും യോഗ്യതയുള്ളവരുടെ അഭാവത്തിൽ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളിലുള്ളവരെ പരിഗണിക്കണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്.