ഭൂദാനം നിവാസികളുടെ സഹികെടുത്തി കാട്ടാനകൾ
1430411
Thursday, June 20, 2024 5:51 AM IST
പുൽപ്പള്ളി: ഭൂദാനത്തും പരിസരങ്ങളിലുമുള്ളവരുടെ സഹികെടുത്തി കാട്ടാനകൾ. ഒറ്റയാൻ ഉൾപ്പെടെ മൂന്ന് ആനയാണ് പ്രദേശവാസികളുടെ സ്വൈരം കെടുത്തുന്നത്. ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ആനകൾ ഇതിനകം വരുത്തിയത്.
റോബർട്ട് കാട്ടാംകോട്ടിൽ, സിന്ധു കൈതക്കാട്ട്, ജയിംസ് പൂവത്തിങ്കൽ, ഔസേഫ് കണ്ണമ്മത്ര, സജി വിതയത്തിൽ, മത്തച്ചൻ കാരകുന്നേൽ, ജോസഫ് പാറയ്ക്കൽപുത്തൻപുര, ബിനോയ് പൂവത്തിങ്കൽ, അമ്മിണി നടുക്കുടിയിൽ, ബാഹുലേയൻ കുമരപ്പള്ളി, വിജയൻ, തങ്കപ്പൻ അച്ചിലാംകുന്നേൽ തുടങ്ങിയവരുടെ കൃഷിയിടങ്ങളിൽ വലിയതോതിൽ നാശമുണ്ടായി.
കഴിഞ്ഞ ദിവസം സന്ധ്യയോടെ ഒറ്റയാനു പിന്നാലെ രണ്ട് ആന ജനവാസകേന്ദ്രത്തിൽ എത്തി. ഇവയിൽ ഒന്നിനെ തുരത്താൻ ശ്രമിച്ചപ്പോൾ മറ്റുള്ളവ ആളുകൾക്കുനേരേ പാഞ്ഞടുത്തു. ഇരുൾ പരക്കുന്നതോടെ എത്തുന്ന ആനകൾ നേരം പുലരുംവരെയാണ് കൃഷിയിടങ്ങൾ മേച്ചിൽപ്പുറമാക്കുന്നത്. രാത്രി വീടിനു പുറത്തിറങ്ങാൻ ആളുകൾ ഭയക്കുകയാണ്.