കോഴിക്കോട് താലൂക്ക് ഓഫീസില്‍ വിവരാവകാശ കമ്മിഷണറുടെ പരിശോധന
1543273
Thursday, April 17, 2025 4:46 AM IST
കോഴിക്കോട്: കോഴിക്കോട് താലൂക്ക് ഓഫീസില്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന് പരിശോധന നടത്തി. വിവരാവകാശ നിയമം നടപ്പില്‍ വരുത്തുന്നതിനായി പൊതു അധികാരികള്‍ നിര്‍വഹിക്കേണ്ട കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് നാല് (4(1), 4(2)) നടപ്പാക്കപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്താനാണ് പരിശോധന നടത്തിയത്.
ഓരോ ഓഫീസില്‍നിന്നും ജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങളുടെയും അവയ്ക്കുള്ള വ്യവസ്ഥകളും അവ ലഭ്യമാവുന്ന സമയപരിധിയും നടപ്പാക്കുന്ന വിവിധ പദ്ധതികളെയും സംബന്ധിച്ചുള്ള വിവരങ്ങളും മറ്റും ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പൗരാവകാശ രേഖ എല്ലാ ഓഫീസുകളിലും ഉണ്ടായിരിക്കേണ്ടതാണെന്ന് വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.
വിവരങ്ങളും രേഖകളും പട്ടിക തിരിച്ചും സൂചിക തയ്യാറാക്കിയും കമ്പ്യൂട്ടറുകള്‍ വഴി ലഭ്യമാവുന്ന തരത്തില്‍ ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ്. താലൂക്ക് ഓഫീസില്‍ ഇതു ചെയ്തതായി പരിശോധനയില്‍ കണ്ടെത്തിയില്ല. പൗരാവകാശ രേഖയും പ്രസിദ്ധീകരിച്ചതായി കണ്ടില്ല. കാര്യാലയത്തിന്റെ വെബ്സൈറ്റ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും കമ്മിഷന് പറഞ്ഞു.
വകുപ്പ് 4 (1) ബി പ്രകാരമുള്ള 17 ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വ്യക്തമായ രേഖ തയ്യാറാക്കുകയും അവ ഓഫീസിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവയും വെബ്സൈറ്റിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ജനങ്ങള്‍ക്ക് ലഭ്യമാവാനുള്ള സൗകര്യം ഉണ്ടാക്കിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.
തുടര്‍ന്ന്, ഒരു മാസത്തിനുള്ളില്‍ ന്യൂനതകള്‍ പരിഹരിച്ച് കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ നിര്‍ദ്ദേശം നല്കി. വിവരങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന തരത്തില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അവ ക്രോഡീകരിച്ചു സൂക്ഷിക്കേണ്ടതാണെന്നും കമ്മിഷ്ണര്‍ പറഞ്ഞു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരമാണ് കമ്മിഷണര്‍ പരിശോധന നടത്തിയത്.
താലൂക്ക് ഓഫീസില്‍ വിവരാവകാശ ഓഫീസര്‍മാരുടെ പേരുകള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കമ്മിഷണര്‍ പറഞ്ഞു. പരിശോധനയില്‍ താലൂക്ക് തഹസില്‍ദാര്‍ എ.എം പ്രേംലാല്‍, ഭൂരേഖ തഹസില്‍ദാര്‍ സി ശ്രീകുമാര്‍ മറ്റ് എട്ട് വിവരാവകാശ ഓഫീസര്‍മാരും സന്നിഹിതരായിരുന്നു. നാല് വിവരാവകാശ ഓഫീസര്‍മാര്‍ അവധിയിലായിരുന്നു.