ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഡോ. ആർ. ബിന്ദു
1393676
Sunday, February 18, 2024 4:40 AM IST
കോഴിക്കോട്: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഒളവണ്ണ പഞ്ചായത്തിലെ ബഡ്സ് സ്കൂൾ കെട്ടിടം തറക്കല്ലിടലും ഹോമിയോ ഡിസ്പെൻസറി കെട്ടിടം പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാർദ സംസ്ഥാനമായി മാറുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സാമൂഹ്യനീതി വകുപ്പ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഭിന്നശേഷി സൗഹൃദ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റം വരണമെന്ന് മന്ത്രി പറഞ്ഞു.
ബഡ്സ് സ്കൂളുകളെ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററുകളായി ഉയർത്തുന്ന നടപടികൾ പുരോഗമിച്ചു വരികയാണ്. പ്രത്യേക വിഭാഗത്തില്പ്പെട്ട ഭിന്നശേഷിക്കാരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പുനരധിവാസ ഗ്രാമം പദ്ധതി എല്ലാ ജില്ലകളിലും സാധ്യമാക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
"തനിച്ചല്ല, നിങ്ങൾക്ക് ഒപ്പമുണ്ട് ഞങ്ങൾ' എന്ന സർക്കാരിന്റെ നയം പോലെ ഭിന്നശേഷിക്കാർക്ക് എല്ലാവിധ പിന്തുണയും വകുപ്പിന്റെ ഭാഗത്ത് നിന്നും നൽകും. ഭിന്നശേഷിക്കാർക്ക് വേണ്ടി തടസരഹിത കേരളം എന്ന പദ്ധതിയാണ് സർക്കാർ മുന്നോട്ടുവെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇരിങ്ങല്ലൂർ അമ്മത്തൂർ- നാലഞ്ചിറ താഴംമാടേനി കാവിന് സമീപം നടന്ന ചടങ്ങിൽ ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എംഎൽഎ മുഖ്യാതിഥിയായി. അസിസ്റ്റന്റ് എൻജിനീയർ ബി. അശ്വതി റിപ്പോർട്ട് അവതരിപ്പിച്ചു.