ജില്ലയിൽ മിഴി തുറക്കുന്നത് 63 എഐ കാമറകൾ
1300224
Monday, June 5, 2023 12:17 AM IST
കോഴിക്കോട്: റോഡ് നിയമങ്ങൾ കർശനമായി പാലിക്കുന്നതിന് സംസ്ഥാനത്താകെ നടപ്പക്കാക്കുന്ന എഐ കാമറ സംവിധാനത്തിന്റെ ഭാഗമായി ജില്ലയിൽ ഇന്ന് 63 കാമറകൾ മിഴി തുറക്കും. ജില്ലയുടെ പ്രധാന അങ്ങാടികളിലും പട്ടണങ്ങളിലുമായാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്.
ജില്ലാ അതിർത്തിയിലുള്ള വൈദ്യരങ്ങാടി, രാമനാട്ടുകര വെസ്റ്റ്, നല്ലളം, ബേപ്പൂർ, കല്ലായി, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, ബീച്ച്, മാനാഞ്ചിറ (2 എണ്ണം), പാവമണി റോഡ്, നരിക്കുനി, ആനക്കുഴിക്കര, ചേവരമ്പലം, വെള്ളിമാട്കുന്ന്, കുന്നമംഗലം, പാവങ്ങാട്, മുക്കം, പൂളാടിക്കുന്ന്, പന്തിരാങ്കാവ്, നന്മണ്ട, താഴെ ഓമശേരി, ബാലുശേരി, വട്ടോളി ബസാർ, ഉള്ളിയേരി, പുറക്കാട്ടിരി, ഈങ്ങാപ്പുഴ, പയ്യോളി ബീച്ച് റോഡ്, മേപ്പയ്യൂർ, തിരുവങ്ങൂർ, പേരാമ്പ്ര, വടകര, തിരുവള്ളൂർ, വില്യാപ്പള്ളി, കുറ്റ്യാടി, ഓർക്കാട്ടേരി, തൊട്ടിൽപ്പാലം, കാപ്പാട്, കക്കട്ടിൽ, നാദാപുരം (രണ്ട് എണ്ണം), കല്ലാച്ചി എന്നിവയാണ് കാമറ സ്ഥാപിച്ചിരിക്കുന്ന പ്രധാന ഇടങ്ങൾ. അപകടമേഖലകൾ (ബ്ലാക്ക് സ്പോട്ടുകൾ) മാറുന്നതനുസരിച്ച് കാമറകളും മാറ്റി സ്ഥാപിക്കപെടാം. 200 മീറ്റർ ദൂരെനിന്നുള്ള നിയമലംഘനങ്ങൾ സ്വയം കണ്ടെത്തി പിഴ ചുമത്താൻ ഈ ത്രീഡി ഡോപ്ലർ കാമറകൾക്കു കഴിയുമെന്ന് അധികൃതർ അറിയിച്ചു.
പകൽപോലെതന്നെ രാത്രിദൃശ്യങ്ങളും തെളിമയോടെ കാമറകൾ പകർത്തും. ഇടതുവശത്തുകൂടിയുള്ള മറികടക്കൽ, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, അമിതവേഗം തുടങ്ങിയവക്ക് പിടിവീഴും. റോഡ് ലൈൻ മാറിപ്പോകുന്നതും ലെവൽ ക്രോസിൽ വണ്ടി നിർത്തുന്നതുമെല്ലാം പിടികൂടും.
മുഖവും നമ്പറും വ്യക്തമാകും. രാത്രിയിലും വ്യക്തതയേറിയ ദൃശ്യങ്ങൾ ലഭിക്കും. സീറ്റ് ബെൽറ്റിടാത്തവരുടെ മുഖവും നമ്പർപ്ലേറ്റും വ്യക്തമാകും. പിറകിലിരിക്കുന്നവർക്ക് ഹെൽമെറ്റില്ലെങ്കിൽ അതും പകർത്തും. ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഉപയോഗവും അമിതവേഗവും പിടികൂടും.
ഇൻഷുറൻസ്, രജിസ്ട്രേഷൻ രേഖകൾ വാഹന സോഫ്റ്റ്വെയറിൽ പരിശോധിച്ച് പിഴചുമത്തും. അതേസമയം എഐ കാമറ ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടി കോൺഗ്രസും ലീഗും ഉൾപ്പെടെ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.