മുക്കം: മുക്കം ടൗണിലും നഗരസഭയിലെ വിവിധ സ്ഥലങ്ങളിലും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 200 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അനിൽകുമാറിന്റെ നേതൃത്വത്തിൽ മുക്കം നഗരസഭയിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് മുക്കം അങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലേയും കടകളിൽ നിന്നുമായി 200 കിലോ നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളായ പ്ലാസ്റ്റിക് കാരിബാഗുകൾ, തെർമോക്കോൾ പ്ലേറ്റുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവ പിടികൂടിയത്. നിരോധിത പ്ലാസ്റ്റിക് ഉത്പനങ്ങൾ പിടിച്ചെടുത്ത സ്ഥാപനങ്ങളിൽ നിന്ന് ആദ്യഘട്ടം പിടിച്ചതാണെങ്കിൽ 10,000 രൂപയും രണ്ടാംഘട്ടം ആണെങ്കിൽ 25,000രൂപയും മൂന്നാം ഘട്ടമാണെങ്കിൽ അമ്പതിനായിരം രൂപയും ഫൈൻ ഈടാക്കാനായി നോട്ടീസ് നൽകിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ പരിശോധന നടത്തുമ്പോൾ മുക്കം അങ്ങാടിയിൽ വച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വ്യാപാരികൾ തടഞ്ഞിരുന്നു. അതിനാൽ ഇന്നലെ പോലീസ് സംരക്ഷണത്തിലാണ് പരിശോധന നടന്നത്.